പുനലൂരിലെ സുഗതന്റെ മരണം: എഐവൈഫിനെതിരേ മുഖ്യമന്ത്രി; കൊടി എവിടെയെങ്കിലും കൊണ്ടുപോയി നാട്ടേണ്ടതല്ല

പിണറായി വിജയന്‍

തിരുവനന്തപുരം: കൊല്ലം പുനലൂരില്‍ മുന്‍ പ്രവാസി സുഗതന്‍ തന്റെ ആരംഭിക്കാനിരുന്ന വര്‍ക്‌ഷോപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍.

സുഗതന്‍ ആരംഭിക്കാനിരുന്ന വര്‍ക്‌ഷോപ്പിന് മുന്നില്‍ കെട്ടിടം വയല്‍ നികത്തിയ ഭൂമിയലാണെന്ന് പറഞ്ഞ് എഐവൈഎഫുകാര്‍ കൊടി കുത്തുകയും തുടര്‍ന്ന് വര്‍ക്‌ഷോപ്പ് ആരംഭിക്കാന്‍ കഴിയാത്ത വിഷമത്തില്‍ സുഗതന്‍ വര്‍ക് ഷോപ്പ് കെട്ടിടത്തില്‍ തൂങ്ങി മരിക്കുകയും ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിലാണ് മുഖ്യമന്ത്രി സംഭവത്തെ അപലപിച്ചത്.

സുഗതന്‍റെ മരണം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാൾ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാൻ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും തുറന്നടിച്ചു. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗതന്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയ വര്‍ക്‌ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍

സുഗതന്‍ മരിച്ച സംഭവത്തില്‍ എഐവൈഎഫ് പ്രാദേശിനേതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞദിവസം ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുന്നിക്കൊട് മണ്ഡലം എഐവൈഎഫ് പ്രസിഡന്റ് എംഎസ് ഗിരീഷിനെയാണ് കുന്നിക്കൊട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സിപിഐഎം സമ്മര്‍ദ്ദത്താലാണ് എഐവൈഎഫ് പ്രവര്‍ത്തകനെതിരേ കേസെടുത്തതെന്ന് എഐവൈഎഫ് ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഐക്കരക്കോണം വാഴ്മണ്‍ ആലിന്‍കീഴില്‍ സുഗതന്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി കെട്ടിടമുണ്ടാക്കിയത് വയല്‍നികത്തിയ ഭൂമിയിലാണെന്ന് ആരോപിച്ച് എഐവൈഎഫുകാര്‍ ഇവിടെ കൊടിനാട്ടി പ്രതിഷേധസമരം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പിനായി പണിത കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്.

വർക് ഷോപ്പ് നിർമ്മാണം തടഞ്ഞ എഐവൈഫിന്റെ നടപടി അച്ചനെ മാനസികമായി തകർത്തിരുന്നെന്ന് മകൻ പറഞ്ഞു. തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ എഐവൈഎഫ് -സിപിഐ പ്രാദേശികനേതാക്കള്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.പത്തനാപുരം സി ഐ അന്‍വറിന്റെ നേതൃത്യത്തില്‍ മണിക്കൂറുകളൊളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സുഗതനെ ഇവര്‍ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രധാന പ്രതി ഇമേഷടക്കം ഇനി അഞ്ച് പേരേ കൂടി പിടികൂടാനുണ്ട്.

എന്നാല്‍ തങ്ങള്‍ പിരിവ് ചോദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് തങ്ങളുടെ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്നും എഐവൈഎഫ് ജില്ലാ നേതൃത്വം ആരോപിച്ചു.

നിലം മണ്ണിട്ട് നികത്തിയാണ് വര്‍ക്‌ഷോപ്പിനുള്ള ഷെഡ് കെട്ടിയതെന്ന് പറഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു. പണം നല്‍കിയാലേ വര്‍ക്‌ഷോപ്പ് നടത്താന്‍ അനുവദിക്കൂവെന്നായിരുന്നു ഭീഷണി. കുടുംബത്തിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

DONT MISS
Top