സംസ്ഥാനത്ത് ആത്മഹത്യ വര്‍ധിക്കുന്നു; കഴിഞ്ഞ 20 മാസത്തിനിടെ ജീവനൊടുക്കിയത് 12, 988 പേര്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കഴിഞ്ഞ 20 മാസത്തിനിടെ 12,988 പേര്‍ ആത്മഹത്യ ചെയ്തതായാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. 2017 ല്‍ 4,587 പേര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയതായും കണക്കുകള്‍ പറയുന്നു. നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ആത്മഹത്യയും രോഗങ്ങളും വര്‍ധിച്ചു വരുന്നതായാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തന്നെ സംസ്ഥാനത്ത് 12,988 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. ഇതില്‍ 2,946 പേര്‍ സ്ത്രീകളാണ്. സാമ്പത്തിക പ്രശ്‌നങ്ങളും കടക്കെണിയും നിമിത്തം 850 പേര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത കണക്കില്‍ കുട്ടികളുടെ എണ്ണം 401 ആണ്. ആത്മഹത്യാ കാരണങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളത് കുടുംബ പ്രശ്‌നങ്ങളാണെന്നും രേഖകള്‍ തെളിയിക്കുന്നു. 4,178 പേരാണ് ഈ പട്ടികയിലുള്ളത്. രോഗങ്ങള്‍ നിമിത്തം 2,325 പേരും ജീവനൊടുക്കി. നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമര്‍പ്പിച്ച രേഖയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലും നിയന്ത്രണാതീതമായ വര്‍ധനവ് ഉള്ളതായി ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. 2017 ല്‍ മാത്രം 4,587 പേരാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയത്. ജനുവരിയില്‍ മാത്രം 381 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി.

DONT MISS
Top