“നല്ലതുപറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുക”, അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് ഹ്യൂമിന് പറയാനുള്ളത്

ഇയാന്‍ ഹ്യൂം

ബെര്‍ബറ്റോവിന്റെ വിമര്‍ശനങ്ങള്‍ക്കും മൈക്കിള്‍ ചോപ്ര നല്‍കിയ പിന്തുണയ്ക്കും മറുപടിയെന്നോണം ഇയാന്‍ ഹ്യൂമിന്റെ പ്രതികരണമെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഹ്യൂമിന്റെ പ്രതികരണമെത്തിയത്.

നിങ്ങള്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും മിണ്ടാതിരിക്കുക എന്ന ക്വോട്ടാണ് ഹ്യൂം ആദ്യം പങ്കുവച്ചത്. പിന്നീട് പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ച് കുറിച്ചതല്ലെന്ന് അദ്ദേഹം കുറിച്ചു. ഈ ദിവസങ്ങളില്‍ ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. കുറച്ചുകൂടെ ശ്രദ്ധനേടുകയാണ് അവരുടെ ഉദ്ദേശം എന്നും ഹ്യൂം കുറിച്ചു. ഡേവിഡ് ജെയിംസിനെ കുറ്റപ്പെടുത്തിയതില്‍ ബെര്‍ബറ്റോവിനെ പിന്തുണച്ച് മുന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം മൈക്കിള്‍ ചോപ്ര രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഹ്യൂം കുറിച്ചത് എന്നാണ് കരുതപ്പെടുന്നചത്. ബെര്‍ബറ്റോവ് കുറ്റം പറഞ്ഞതും ഹ്യൂമിനെ നോവിച്ചിരിക്കാം.

തികച്ചും താല്‍പര്യജനകമാണ് ബെര്‍ബ പറഞ്ഞ കാര്യമെന്നും അദ്ദേഹം പറഞ്ഞെങ്കില്‍ അത് സത്യമായിരിക്കുമെന്നുമാണ് മൈക്കിള്‍ ചോപ്ര പറഞ്ഞത്. നിരവധി മാനേജര്‍മാരുടെ കീഴില്‍ കളിച്ചയാളാണ് ബെര്‍ബ എന്നദ്ദേഹം കാരണമായി ചൂണ്ടിക്കാട്ടി. മികച്ച കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുവരണമെങ്കില്‍ അതിനനുസരിച്ച് മാനേജ് ചെയ്യണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

തിരികെ നാട്ടിലേക്ക് മടങ്ങുംവഴിയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ ബെര്‍ബറ്റോവ് കുറ്റപ്പെടുത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അദ്ദേഹം അഭിപ്രായം കുറിക്കുകയായിരുന്നു. #worstwannabecoachever എന്ന ഹാഷ് ടാഗ് അദ്ദേഹം ഉപയോഗിച്ചു. ജെയിംസിന്റെ തന്ത്രങ്ങളെ കുറിക്കാന്‍ #wosttacticaladvice എന്ന ഹാഷ് ടാഗും അദ്ദേഹം ഉപയോഗിച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി #ChipTheBallToStrikersChestAndWeTakeItFromThere എന്നും ബെര്‍ബ കുറിച്ചു.

അതായത് കളിക്കാരുടെ നെഞ്ചിന്റെ ഒപ്പം പന്ത് ഉയര്‍ത്തി നല്‍കി അവിടെനിന്ന് പിടിച്ചെടുത്ത് കളിക്കുക എന്ന തന്ത്രത്തെയാണ് തീര്‍ത്തും മോശം എന്ന് ബെര്‍ബ വിളിച്ചിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ലോംഗ് ബോള്‍ സ്ട്രാറ്റജി നേരത്തേയും വിമര്‍ശിക്കപ്പെട്ടതാണ്.

ഇതോടെ ബെര്‍ബാ മാജിക് സൂപ്പര്‍ കപ്പില്‍ കാണാനാവില്ല എന്ന് മനസിലാക്കാം. എങ്കിലും ടീമില്‍നിന്ന് വിട്ടുപോയശേഷം വിമര്‍ശനമുന്നയിക്കുന്ന രീതി ബെര്‍ബയില്‍നിന്ന് ആരാധകരും പ്രതീക്ഷിച്ചതല്ല. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീനും മടങ്ങിയതിനുശേഷം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിരുന്നു.

DONT MISS
Top