ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നുവര്‍ഷത്തേക്ക് നീട്ടി

ഡേവിഡ് ജെയിംസ്

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയങ്കരനായ പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടി. ഐഎസ്എല്ലിലെ പുറത്താകലില്‍ നിരാശയായിരിക്കുന്ന കാണികള്‍ക്കും കളിക്കാര്‍ക്കും തികച്ചും സന്തോഷിക്കാവുന്ന വാര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജുകളിലൂടെ പുറത്തുവിട്ടു.

ലീഗിന്റെ പകുതികഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ ചുമലിലേറ്റാന്‍ ഡേവിഡെത്തിയത് ടീമിനോടുള്ള സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്. യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ടീമിനെ ആറാം സ്ഥാനത്തെങ്കിലുമെത്തിച്ചതില്‍ ഡേവിഡിന് മാത്രമാണ് മുഴുവന്‍ ക്രെഡിറ്റും.

കിസീറ്റോയെ മൈതാനത്തേക്ക് ആനയിച്ചതും നേഗിയിലെ കളിക്കാരനെ തിരിച്ചറിഞ്ഞതും ഗുഡ്‌ജോണിനെ കൃത്യസമയത്ത് ടീമിലേക്ക് കൊണ്ടുവന്നതും ഡേവിഡിന്റെ മികവിന്റെ നേര്‍ക്കാഴ്ച്ചയായി. അതുവരെ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയിരുന്ന ഇയാന്‍ ഹ്യൂം ആദ്യപതിനൊന്നിലെ സ്ഥിരം സാന്നിധ്യമായതും ജെയിംസ് വന്നതിനുശേഷമാണ്. ലീഗിലെ ഏറ്റവും മികച്ച ഉടമസ്ഥരുള്ള ബ്ലാസ്റ്റേഴ്‌സ് അതുവരെ പണം നഷ്ടമാക്കിയത് മുന്‍ കോച്ച് റെനെ പറഞ്ഞ കളിക്കാരെ വാങ്ങിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ജെയിംസ് പണത്തില്‍ വലിയ താരങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കും ചെറിയ താരങ്ങള്‍ക്കും അവസരം നല്‍കി.

കുറച്ചുനാളുകള്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ടീം സെറ്റാക്കാന്‍ പരിശീലകനും കളിക്കാര്‍ക്കും സാധിക്കും. നിലനിര്‍ത്തേണ്ട കളിക്കാരെ സംബന്ധിച്ചും പുതുതായി നേടേണ്ട കളിക്കാര്‍ക്കുവേണ്ടിയും ഡേവിഡിന്റെ പക്കല്‍ കൃത്യമായ പദ്ധതികളുണ്ടാകുമെന്നുറപ്പ്. തികച്ചും ഉറച്ച ടീമുമായി സൂപ്പര്‍ കപ്പിലേക്ക് പോവുക എന്നതായിരിക്കും ടീമിന്റെ അടുത്ത ലക്ഷ്യം.

DONT MISS
Top