ലോകകപ്പ് പ്രകടനം: ജിംനാസ്റ്റ് അരുണ റെഡ്ഡിക്ക് രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കൊപ്പം അരുണയും കുടുംബവും

ഹൈദരാബാദ്: ജിംനാസ്റ്റിക് ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ വനിതാ താരം അരുണ ബുദ്ധ റെഡ്ഡിക്ക് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഫെബ്രുവരി 28 ന് മെല്‍ബണില്‍ വെച്ചുനടന്ന ജിംനാസ്റ്റിക് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ സ്വന്തമാക്കിയ താരമാണ് അരുണ റെഡ്ഡി.

പ്രഗതി ഭവനില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ചരിത്ര വിജയം നേടിയ അരുണയ്ക്ക് അഭിനന്ദനവുമായി റാവു രംഗത്തെത്തിയത്. അരുണയുടെ പരിശീലകന്‍ ബ്രിജി കിഷോറിനും പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി പദ്മ റാവു, സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ എ വെങ്കടേശ്വര്‍ റെഡ്ഡി, അരുണയുടെ മാതാവ് സുഭദ്രാമ്മ, സഹോദരി പവനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജിംനാസ്റ്റിക് ലോകകപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അരുണ റെഡ്ഡി. വനിതകളുടെ വാള്‍ട്ട് ഇനത്തില്‍ 13.649 പോയിന്റോടെ വെങ്കല്‍ മെഡല്‍ സ്വന്തമാക്കിയ അരുണ ഹൈദരാബാദ് സ്വദേശിയാണ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്ഥാനത്തായിരുന്ന താരം 2005 ല്‍ ആദ്യമായി ദേശീയ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. മെഡല്‍ നേട്ടത്തിന് പിന്നാലെ ജിംനാസ്റ്റിക്‌സില്‍ തന്റെ റോള്‍ മോഡല്‍ ദീപ കര്‍മാക്കറാണെന്ന് അരുണ പ്രതികരിച്ചിരുന്നു.

മെഡലുമായി അരുണ റെഡ്ഡി

2016 റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനമായിരുന്നു ദീപ കര്‍മാക്കറിന്. നേരിയ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടമായത്. കര്‍മാക്കറിന് ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ കഴിഞ്ഞതായിരുന്നു വനിതാ ജിംനാസ്റ്റികില്‍ നിലവില്‍ ഉണ്ടായിരുന്ന നേട്ടം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ ആശിഷ് കുമാര്‍ വെങ്കലം നേടിയിട്ടുണ്ട്.

DONT MISS
Top