സിപിഐഎമ്മിന്റെ ജനകീയ ഭക്ഷണശാലയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കേരളം; മനസ്സുനിറഞ്ഞെന്ന് തോമസ് എെസക്ക്

വിശന്നു വലയുന്നവര്‍ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും സാനിധ്യത്തിലാണ് ഭക്ഷണശാലയ്ക്ക് തുടക്കമായത്.

ആലപ്പുഴ പാതിരപ്പള്ളിയിലെ സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണ ശാലയിലാണ് എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നത്. ബില്ലും ക്യാഷ് കൗണ്ടറുമില്ലാത്ത ഭക്ഷണശാലയില്‍ മനസിന്റെ വലുപ്പമനുസരിച്ച് ഹോട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന പണപ്പെട്ടിയില്‍ ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.

ആലപ്പുഴ ദേശീയപാതയോരത്തെ പാതിരപ്പള്ളിയിലാണ് സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നത്.

ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിലൂടെ തന്റെ മനസ്സ് നിറഞ്ഞെന്നും സ്വപ്‌നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണിതെന്നും തോമസ് ഐസക്ക് പറയുന്നു. മന്ത്രി മാത്യു ടി തോമസ്,  എന്‍ എസ് മാധവന്‍ , ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ വിനോദ് മാത്യൂ , ഡോ ഇക്ബാല്‍ ,എന്‍ മാധവന്‍ കുട്ടി , പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ , ഇന്ദു മേനോന്‍ , ശാരദക്കുട്ടി , ദീപ നിഷാന്ത് , തനൂജ , ശോഭ , ചന്ദ്രഹാസന്‍, റുബിന്‍ , സുരേഷ് കുറുപ്പ് എംഎല്‍എ , എഎം ആരിഫ് എം എല്‍എ , സുജ സൂസന്‍ ജോര്‍ജ്ജ് ,ബോസ് കൃഷ്ണമാചാരി, തുടങ്ങി  വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഭക്ഷണശാലയിലെത്തിയിരുന്നു.

ഒരുവര്‍ഷം മുന്നേ വിശപ്പുരഹിത മാരാരിക്കുളം പദ്ധതിക്ക് തുടക്കമിട്ട് വിജയകരമാക്കിയ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണ് സ്‌നേഹജാലകത്തിന് പിന്നിലും. കൈയില്‍ പണമില്ലെന്ന് കരുതി ആരും പട്ടിണി കിടക്കരുതെന്നാണ് ഇവരുടെ നിലപാട്.

DONT MISS
Top