‘വിശന്നു നടക്കുന്നവര്‍ കുറഞ്ഞ പക്ഷം തന്റെ മണ്ഡലത്തിലെങ്കിലും ഉണ്ടായിക്കൂടാ എന്ന് ചിന്ത ഓരോ ജനപ്രതിനിധിയ്ക്കും ഉണ്ടാകട്ടെ’; ജനകീയ ഭക്ഷണ ശാലയെ അഭിനന്ദിച്ച് ശാരദക്കുട്ടി

ഫയല്‍ചിത്രം

വിശന്നു വലയുന്നവര്‍ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന  ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തെയും ധനമന്ത്രി തോമസ് ഐക്കിനെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി.  വിശന്നു നടക്കുന്നവര്‍ കുറഞ്ഞ പക്ഷം തന്റെ മണ്ഡലത്തിലെങ്കിലും ഉണ്ടായിക്കൂടാ എന്ന ഒരു ഭാവന ഓരോ ജനപ്രതിനിധിക്കും ഉണ്ടായാല്‍ ഇത്തരം സര്‍ഗ്ഗാത്മക പരീക്ഷണങ്ങള്‍ കേരളമാകെ വ്യാപിക്കാവുന്നതേയുള്ളുയെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്സ്ബുക്കിലായിരുന്നു പ്രതികരണം.

സ്‌നേഹ ജാലകം പ്രവര്‍ത്തകര്‍ സഖാവിന്റെ നേതൃത്വത്തില്‍ കുറച്ചു വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ജന സേവന പരിപാടികളുടെ തുടര്‍ച്ച മാത്രമാണിത്. ഭക്ഷണപ്പൊതി വീടുകളിലെത്തിക്കല്‍, ആതുരശുശ്രൂഷ തുടങ്ങി പലതും അതില്‍ പെടും. ഇതൊരു ധാരയായി മുന്നോട്ടു പോകുന്നതിന് നമ്മുടെയൊക്കെ ഉത്സാഹപ്പെടുത്തലാണ് കരുത്താവുകയെന്നും ശാരദക്കുട്ടി പറയുന്നു. നന്നാകും, നന്നാകട്ടെ കൂടുതല്‍ പേര്‍ക്കു പ്രേരണയാകട്ടെ. ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്,

സഖാവ് തോമസ് ഐസക്കിന്റെ ജനകീയ ഭക്ഷണശാല എന്ന മനോഹരമായ ആശയത്തെ എത്ര ആവേശത്തോടെയാണ് ആ നാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നേരില്‍ കാണാനും അത്തരമൊരു സന്ദര്‍ഭത്തില്‍ പങ്കാളിയാകാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്.ഒരു ജന പ്രതിനിധി തന്റെ മണ്ഡലത്തിലെ ജനങ്ങളോട് എത്ര ഹൃദയപൂര്‍വ്വമാണ് ചേര്‍ന്നു നില്‍ക്കുന്നത് എന്നത് ആ ജനതയുടെ ആവേശത്തിമിര്‍പ്പില്‍ കാണാമായിരുന്നു. വിശന്നു നടക്കുന്നവര്‍ കുറഞ്ഞ പക്ഷം തന്റെ മണ്ഡലത്തിലെങ്കിലും ഉണ്ടായിക്കൂടാ എന്ന ഒരു ഭാവന ഓരോ ജനപ്രതിനിധിക്കും ഉണ്ടായാല്‍ ഇത്തരം സര്‍ഗ്ഗാത്മക പരീക്ഷണങ്ങള്‍ കേരളമാകെ വ്യാപിക്കാവുന്നതേയുള്ളു.
‘ഇല്ല ദാരിദ്ര്യാാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും’
എന്ന് രാമപുരത്തു വാര്യര്‍ സ്വന്തം അനുഭവത്തില്‍ നിന്നാണെഴുതിയത്.

ആലപ്പുഴ ചേര്‍ത്തല റോഡില്‍ പാതിരപ്പള്ളി എന്ന സ്ഥലത്ത് 5 സെന്റ് സ്ഥലത്ത് മനോഹരമായ ജൈവകൃഷിത്തോട്ടവും, ക്യാഷ് കൗണ്ടറില്ലാത്ത ഈ ഭക്ഷണ ശാലയും സന്ദര്‍ശിക്കുകയും ഇത്തരം സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്യുക എന്നത് സാംസ്‌കാരിക ബോധത്തില്‍ അടിയുറച്ച രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഏതൊരാളുടെയും കര്‍ത്തവ്യമാണെന്നു തോന്നുന്നു. എ കെ ജിയുടെ സ്വപ്നത്തില്‍ വികസിച്ചു വന്ന ഇന്‍ഡ്യന്‍ കോഫി ഹൗസ് പോലെ ജനകീയ ഭക്ഷണശാലകള്‍ കേരളത്തിലെമ്പാടും ഉണ്ടായി വരുമെന്നൊരു മനോഹര സ്വപ്നവും മനസ്സിലേറ്റിയാണ് ഞാന്‍ പാതിരപ്പള്ളിയില്‍ നിന്നു മടങ്ങിയത്.

സ്‌നേഹ ജാലകം പ്രവര്‍ത്തകര്‍ സഖാവിന്റെ നേതൃത്വത്തില്‍ കുറച്ചു വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ജന സേവന പരിപാടികളുടെ തുടര്‍ച്ച മാത്രമാണിത്. ഭക്ഷണപ്പൊതി വീടുകളിലെത്തിക്കല്‍, ആതുരശുശ്രൂഷ തുടങ്ങി പലതും അതില്‍ പെടും. ഇതൊരു ധാരയായി മുന്നോട്ടു പോകുന്നതിന് നമ്മുടെയൊക്കെ ഉത്സാഹപ്പെടുത്തലാണ് കരുത്താവുക. നന്നാകും, നന്നാകട്ടെ കൂടുതല്‍ പേര്‍ക്കു പ്രേരണയാകട്ടെ. സഹായ പദ്ധതികളില്‍ ഏര്‍പ്പെട്ടു കൊണ്ട് തങ്ങളുടെ പ്രതിനിധിക്ക് കരുത്തും ഊര്‍ജ്ജവും പകരുന്ന സ്‌നേഹ ജാലകം പ്രവര്‍ത്തകര്‍ക്ക് നാട്ടുകാര്‍ക്ക് ഒക്കെ ഹൃദയാഭിവാദ്യങ്ങള്‍

DONT MISS
Top