ഹൈടെക്ക് എടിഎം ഹാക്കിംഗ് കേസ്: മുഖ്യപ്രതിയെ നിക്കാരഗ്വയില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം: ഹൈടെക്ക് എടിഎം ഹാക്കിംഗ് കേസിലെ മുഖ്യപ്രതിയെ നിക്കാരഗ്വയില്‍ നിന്ന് പിടികൂടി. റൊമേനിയന്‍ സ്വദേശിയായ അലക്‌സാണ്ടര്‍ മരിനോവിനെയാണ് കേരള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

റൊമാനിയന്‍ സ്വദേശിയായ അലക്‌സാണ്ടറെ സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ നിക്കാരഗ്വയില്‍ നിന്നാണ് കേരള പൊലീസ് സംഘം പിടി കുടിയത്. കേരളത്തില്‍ ഇത് ആദ്യമായാണ് ക്രിമിനല്‍ കേസില്‍പ്പെട്ട വിദേശിയായ പ്രതിയെ വിദേശത്ത് നിന്ന് അറസ്റ്റ് ചെയ്യുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

2016 ആഗസ്റ്റിലാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള എടിഎം ഹാക്ക് ചെയ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ കേസിലെ ഒന്നാം പ്രതിയായ ഇലി മരിയന്‍ ഗബ്രിയലിനെ മുബൈയില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഇന്റര്‍പോളുമായി സഹകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് അലകസാണ്ടര്‍ പൊലീസിന്റെ പിടിയിലാകുന്നത്. വിദേശത്തേക്ക് കടന്ന മറ്റു പ്രതികളെ കണ്ടെത്തിയതായും വിദേശ മന്ത്രലായവുമായി ബന്ധപ്പെട്ട് ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി അറിയിച്ചു.

DONT MISS
Top