‘അല്‍പമെങ്കിലും കരുണയുണ്ടെങ്കില്‍ ആ രണ്ട് കുട്ടികളെക്കുറിച്ചോര്‍ക്കൂ’; ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ക്രൂരമായ തമാശകളെ വിമര്‍ശിച്ച് ലക്ഷ്മി രാമകൃഷ്ണന്‍

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഇപ്പോഴും പ്രചരിക്കുന്ന ക്രൂരമായ തമാശകളെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം എപ്പോഴും സന്തോഷത്തോടെ മാത്രമാണ് ശ്രീദേവിയെ പൊതുവേദികളില്‍ കണ്ടിരുന്നത്. തങ്ങള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ അച്ഛന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍ തന്നെയാണെന്നാണ് ശ്രീദേവിയുടെ മരണത്തെക്കുറിച്ച് മകള്‍ ജാന്‍വി പ്രതികരിച്ചത്. എന്നിട്ടും ശ്രീദേവിയുടെ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ സംശയിക്കുന്ന രീതിയില്‍ പലവിധ വാര്‍ത്തകളാണ് പുറത്തുവന്നത്.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനിരിക്കെ അതുമായി ബന്ധപ്പെട്ട് ക്രൂരമായ തമാശകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നത്. ‘ശല്യക്കാരികളായ ഭാര്യമാരുണ്ടെങ്കില്‍ വീട്ടിലൊരു ബാത്ടബ്ബ് വാങ്ങിവെച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്നായിരുന്നു’ അതിലൊന്ന്.

ഇതിനെതിരെയാണ് നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്തുവന്നത്. ഒരു കുടുംബം മരണത്തില്‍ വേദനിക്കുമ്പോള്‍ അത് മനസിലാക്കാതെ അതുമായി ബന്ധപ്പെടുത്തി തമാശകള്‍ ഉണ്ടാക്കി ആസ്വദിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ടാണ് ലക്ഷ്മി രംഗത്തുവന്നത്. ‘ഇവിടെയിപ്പോഴും ബാത്ടബ്ബ് തമാശകള്‍ ഒഴുകി നടക്കുകയാണ്. മനസ്സില്‍ അല്‍പമെങ്കിലും കരുണയുണ്ടെങ്കില്‍ ആ രണ്ട് കുട്ടികളെക്കുറിച്ച് ചിന്തിച്ചുകൂടേ. ഇത്തരം ക്രൂരമായ തമാശകള്‍ അവസനിപ്പിച്ചുകൂടേ’. ലക്ഷ്മി രാമകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു എന്നാല്‍ തനിക്ക് അവള്‍ പ്രണയിനിയായിരുന്നു. തങ്ങളുടെ രണ്ട് മക്കളുടെ അമ്മയായിരുന്നു. മക്കള്‍ക്ക് എല്ലാമായിരുന്നു അവള്‍. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍ എന്ന് ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ശ്രീദേവിയുടെ സംസ്‌കാരത്തിന് ശേഷം താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ബോണി കപൂര്‍ അവസാനമായി കുറിപ്പ് ട്വീറ്റ് ചെയ്തത്. തനിക്ക് നഷ്ടപ്പെട്ടത് സുഹൃത്തിനെയും ഭാര്യയെയും തന്റെ മക്കളുടെ അമ്മയെയുമാണ്. അത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ലെന്നും ബോണി കപൂര്‍ കുറിച്ചു.

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലാണ് സംസ്‌കരിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരടക്കം നിരവധി പേരാണ് താരത്തെ ഒരു നോക്ക് കാണാന്‍ മുംബൈയിലെ സെലിബ്രേറ്റി സ്‌പോര്‍ട്‌സ് ക്ലബിലേക്കും വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്കും എത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയുടെ മുങ്ങിമരണം. ചൊവ്വാഴ്ചയാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്.

DONT MISS
Top