കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

പിടിയിലായ നൗഷാദ് എക്‌സൈസ് സംഘത്തോടൊപ്പം

കോട്ടയം: കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി നൗഷാദി(39)നെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. കമ്പത്തുനിന്നും കഞ്ചാവെത്തിച്ച് എറണാകുളത്ത് ചില്ലറ വില്‍പ്പന നടത്താനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.

കമ്പത്ത് നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങി എറണാകുളത്ത് എത്തിച്ച് വില്‍പ്പന നടത്തിവരുന്ന ആളാണ് മലപ്പുറം സ്വദേശിയായ നൗഷാദ്. കോട്ടയം ഇല്ലിക്കല്‍ പതിനഞ്ചില്‍ കടവിലെ വാടക വീട്ടില്‍ നിന്നുമാണ് ഇയാളെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മൂന്നു ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസം ആരംഭിച്ചത്. കമ്പത്ത് നിന്നും 8,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചെറുപൊതികളാക്കി 300 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു നാഷാദ് ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎ അശോക് കുമാര്‍ പറഞ്ഞു.

മുമ്പും പലതവണ നൗഷാദ് കമ്പത്ത് നിന്നും കഞ്ചാവ് എറണാകുളത്ത് എത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. കമ്പത്ത് നിന്നും പളനിയിലെത്തിച്ച് ഗോവിന്ദപുരം, തൃശൂര്‍, വഴിയാണ് ഇയാള്‍ കഞ്ചാവ് എറണാകുളത്ത് എത്തിച്ചിരുന്നത്. കമ്പത്ത് നിന്നും കുമളി വഴി കോട്ടയത്തേക്ക് എത്തിച്ചാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലായതിനാലാണ് നൗഷാദ് വളഞ്ഞ വഴി സ്വീകരിച്ചിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടടര്‍ ടിഎ അശോക് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിആര്‍ സജികുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടിഎസ് സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീപേഷ്, പ്രസീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

DONT MISS
Top