“നിരാശരാകരുതേ, സൂപ്പര്‍ കപ്പ് നമുക്ക് നേടാം”, ആരാധകരോട് ജിങ്കാന്‍

കപ്പടിക്കാനും കലിപ്പടക്കാനുമാകാതെ ഐഎസ്എല്ലില്‍നിന്ന് പുറത്താകേണ്ടിവന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ അത്ര നല്ല രസത്തിലല്ല. കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം ടീമെന്നുനോക്കാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇട്ട പൊങ്കാല ശത്രുക്കള്‍ക്കുപോലും വല്ലപ്പോഴുമേ ലഭിക്കാറുള്ളൂ. അത്രകണ്ട് നിരാശരാണ് ബ്ലാസ്റ്റേഴ്‌സിനെ സ്‌നേഹിക്കുന്ന ടീമിലെ ആ പന്ത്രണ്ടാമന്‍.

എന്നാല്‍ നിരാശരാകേണ്ട എന്നുപറയുകയാണ് ക്യാപ്റ്റന്‍ ജിങ്കാന്‍. സൂപ്പര്‍കപ്പ് നമുക്ക് നേടാം എന്ന പ്രതീക്ഷയും താരം തരുന്നു. ഇന്നലെ ബംഗളുരുവുമായി നടന്ന കളിക്ക് ശേഷം മനസുതുറക്കുകയായിരുന്നു താരം. തികച്ചും ദു:ഖിതനായാണ് അദ്ദേഹത്തെ കാണപ്പെട്ടത്. എങ്കിലും മനസാന്നിധ്യം കൈവിടാതെ ജിങ്കാന്‍ ആരാധകരോട് സംസാരിച്ചു.

ആരാധകര്‍ നല്‍കുന്ന പിന്തുണയ്ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനാണ് തങ്ങള്‍ ബംഗളുരുവിലെത്തിയത്. ജയിക്കാനായി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആരാധകരുടെ കാര്യമോര്‍ത്താണ് ദു:ഖം. അദ്ദേഹം ആരാധര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു.

സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളാ ക്യാപ്റ്റന്‍ പറഞ്ഞു. നോക്കൗട്ട് മത്സരങ്ങളായതിനാല്‍ കടുപ്പമേറും. എങ്കിലും സൂപ്പര്‍ കപ്പ് നേടാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് മോഹങ്ങളും തുലാസിലാണ്. ഇതേക്കുറിച്ച് വരും ദിവസങ്ങളിലേ വ്യക്തമായ ചിത്രം ലഭിക്കൂ.

DONT MISS
Top