ഇത് ഇന്നലെക്കഴിഞ്ഞതോ? അക്തറിനെ പറത്തിയ സച്ചിന്റെ ലോകകപ്പ് സിക്‌സിന് 15 വയസ് (വീഡിയോ)

ഷോയബ് അക്തറിന്റെ തീപാറുന്ന പന്തിനെ അടിച്ചുപറത്തിയ സച്ചിന്റെ മനോഹരമായ ലോകകപ്പ് ഇന്നിംഗ്‌സിന് വയസ് പതിനഞ്ച്. 2003 ലോകകപ്പിലെ ആവേശോജ്വലമായ മത്സരം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാവില്ല. വെറും 75 പന്തില്‍ 98 റണ്‍സ് അടിച്ചുകൂട്ടിയ സച്ചില്‍ പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒരു മാര്‍ച്ച് ഒന്നിനായിരുന്നു ആ അതിമനോഹര ഇന്നിംഗ്‌സ്.

പതിനഞ്ച് കൊല്ലം മുമ്പ് ബാലികേറാ മലപോലെ കണക്കുകൂട്ടപ്പെട്ട പാകിസ്താന്റെ 273 റണ്‍സ് എന്ന ടോട്ടല്‍ 26 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നതും സച്ചിന്റെ ഈ പ്രകടനം കൊണ്ടുകൂടിയാണ്. കളിക്കുമുമ്പ്, സച്ചിനെ വിരട്ടും റണ്‍സ് എടുക്കാതെ മടക്കിയയ്ക്കും എന്നൊക്കെയുള്ള അക്തറിന്റെ വീരവാദംകൂടെയായപ്പോള്‍ ഏറെ ശ്രദ്ധേയമായ കളി മൂന്നുവര്‍ഷത്തിന് ശേഷം നടക്കുന്ന ഇന്ത്യ-പാക് മത്സരം കൂടിയായിരുന്നു.

കൈഫ്, രാഹുല്‍ ദ്രാവിഡ്, യുവരാജ് എന്നിവര്‍ ബാറ്റുകൊണ്ടും സഹീറും നെഹ്‌റയും ബോളുകൊണ്ടും ഇന്ത്യന്‍ വിജയത്തിലേക്ക് സംഭാവന നല്‍കി. തേഡ്മാന്റെ തലയ്ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിയ ആ പന്തിനെ സച്ചിന്‍ പായിച്ച കാഴ്ച്ച താഴെ കാണാം. പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇന്നലെ കഴിഞ്ഞതുപോലെമാത്രം തോന്നിക്കുന്ന ഈ വീഡിയോ പില്‍ക്കാലത്ത് 2003 ലോകകപ്പിന്റെതന്നെ പ്രതീകമായി.

DONT MISS
Top