മൂന്നാറില്‍ ഇത് വരയാടുകളുടെ പ്രസവകാലം; ഇതുവരെ പിറന്നത് മുപ്പതിലധികം കുഞ്ഞുങ്ങള്‍

വരയാടുകള്‍

മൂന്നാര്‍: മൂന്നാര്‍ -ഇരവികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ ഇതുവരെ 30 ലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ് അധികൃതര്‍. വരയാടുകളുടെ പ്രസവകാലമായതിനാല്‍ മാര്‍ച്ച് 31 വരെ ഉദ്യാനം അടച്ചിട്ടതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രസവസീസണ്‍. ജൂലൈ മാസത്തിലാണ് വരയാടുകളുടെ ഇണചേരല്‍. ആറ് മാസമാണ് ഗര്‍ഭകാലം. ജനുവരി അവസാനം മുതല്‍ വരയാടുകള്‍ പ്രസവം തുടങ്ങും. കഴിഞ്ഞവര്‍ഷം 94 കുഞ്ഞുങ്ങളാണ് ഇരവികുളത്ത് പിറന്നത്. ഇത്തവണ ഇതുവരെ 30 ലധികം കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ഇത്തവണ ജനിച്ച പുതിയ കുഞ്ഞുങ്ങളില്‍ 25 എണ്ണത്തിനെ വനപാലകര്‍ നേരിട്ട് കണ്ടിരുന്നു. മെയ് ആദ്യവാരത്തോടെ വരയാടുകളുടെ കണക്കെടുപ്പ് നടത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമേ എത്രകുഞ്ഞുങ്ങള്‍ ഈ സീസണില്‍ ജനിച്ചുവെന്ന് കൃത്യമായി പറയാന്‍ കഴിയുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞാണ് വരയാടിന് ജനിക്കുക. 840 നും 860 നും ഇടയില്‍ ഇരവികുളത്ത് വരയാടുകളുണ്ടെന്നാണ് ഏകദേശകണക്ക്. ലോകത്തില്‍ ഏറ്റവും അധികം വരയാടുകള്‍ ഉള്ളതും ഇവിടെയാണ്. ഇതില്‍തന്നെ 25 എണ്ണം സഞ്ചാരികളെത്തുന്ന രാജമലയിലാണുള്ളത്. ഇവയുടെ പ്രസവത്തിന് സൗകര്യമൊരുക്കാനാണ് സഞ്ചാരികളെ കടത്തിവിടുന്നത് തടഞ്ഞിരിക്കുന്നത്.

DONT MISS
Top