ഹോക്കി ലോകകപ്പ്: ഒരു ടീമിനെയും ചെറുതായി കാണാനാകില്ലെന്ന് ഷോര്‍ഡ് മരിജ്

ഷോര്‍ഡ് മരിജ്

കോലാലമ്പൂര്‍: ലോകകപ്പ് ഹോക്കിയില്‍ ഒരു ടീമിനെയും ചെറുതായി കാണാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ ഷോര്‍ഡ് മരിജ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 2018 ലോകകപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയാണ് ഷോര്‍ഡിന്റെ പ്രതികരണം.

ഇത് ലോകകപ്പാണ്. ഇവിടെ എത്തുന്ന എല്ലാ ടീമുകളുടെയും ലക്ഷ്യം വിജയം മാത്രമാണ്. അതുകൊണ്ട് തന്നെ പൂള്‍ അനുകൂലമാണോ കഠിനമാണോയെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. എല്ലാ എതിരാളികളെയും നമ്മള്‍ ബഹുമാനിക്കണം. ലോകകപ്പില്‍ ലോക റാങ്കിംഗ് എന്നത് പ്രസക്തിയുള്ള ഒന്നല്ല. സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാ മത്സരങ്ങളിലും ജയം ഉറപ്പ് വരുത്തുക. ഷോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്ക, കാനഡ, ബെല്‍ജിയം എന്നിവരോടൊപ്പം പൂള്‍ സിയിലാണ് ഇന്ത്യ. ഒളിംപിക് സില്‍വര്‍ മെഡല്‍ ജേതാക്കളാണ് ബെല്‍ജിയം. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറില്‍ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 28ന് ദക്ഷിണാഫ്രിക്കയുമായുള്ള ഓപ്പണിംഗ് മത്സരത്തിലാണ് ഇന്ത്യയുടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന എല്ലാ ടൂര്‍ണ്ണമെന്റിലും വിജയിക്കാനാണ് ടീം ശ്രമിക്കുന്നതെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ ഗെയിംസ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി വിവിധ ടൂര്‍ണ്ണമെന്റുകളാണ് ഇന്ത്യയെ ഈ വര്‍ഷം കാത്തിരിക്കുന്നത്. നിലവില്‍ 27-ാമത് സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പിനായി മലേഷ്യയിലാണ് ടീം. മാര്‍ച്ച് മൂന്നിന് അര്‍ജന്റീനയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഷോര്‍ഡ് മരിജനെ നിയമിക്കുന്നത്. റോലന്റ് ഔള്‍ട്ട്‌സ്മാന്‍ പുറത്താക്കപ്പെട്ട ഒഴിവിലേക്കായിരുന്നു വനിതാ ടീം പരിശീലകനായ ഷോര്‍ഡിന്റെ നിയമനം.

DONT MISS
Top