തിന്മയുടെ പ്രതീകമായി നീരവ് മോദിയുടെ കോലം കത്തിച്ച് മുംബൈയില്‍ ഹോളി ആഘോഷം

നീരവ് മോദിയുടെ കോലം

മുംബൈ: തിന്മയുടെ പ്രതീകമായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയശേഷം ഇന്ത്യ വിട്ട നീരവ് മോദിയുടെ കോലം കത്തിച്ച് ഹോളി ആഘോഷത്തില്‍ വ്യത്യസ്തരാവുകയാണ് മുംബൈയിലെ വേര്‍ളി ചൗള നിവാസികള്‍. ഇന്നലെ ആരംഭിച്ച് ഹോളി ആഘോഷത്തിന്റെ ഭാഗമായി രാത്രിയാണ് 50 അടി ഉയരമുള്ള നീരവ് മോദിയുടെ കോലം ചൗള നിവാസികള്‍ കത്തിച്ചത്.

കോളനി നിവാസികള്‍ എല്ലാവരും ചേര്‍ന്നാണ് നീരവ് മോദിയുടെ കോലം ഉണ്ടാക്കിയത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ട് വന്ന് തട്ടിപ്പ് നടത്തിയ പണം മുഴുവന്‍ പിടിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് കോളനി നിവാസികള്‍ കോലം കത്തിച്ചത്.

തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകമായാണ് ഹോളി ആഘോഷങ്ങളുടെ ഭാഗമായി കോലം കത്തിക്കുന്നത്. ഐതിഹ്യ പ്രകാരം ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളിഗയുടെ കോലമാണ് അഗ്നിക്കിരയാക്കുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും സമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കോലങ്ങള്‍ കത്തിക്കാറുണ്ട്.

ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്.

DONT MISS
Top