കോടികള്‍ തട്ടി രാജ്യം വിടുന്നവര്‍ ഇനി കുടുങ്ങും; തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു

ദില്ലി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യത്ത് നിന്ന് കടന്നുകളയുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 100 കോടി രൂപയ്ക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ബില്ല്. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ നിക്ഷേപങ്ങളും കണ്ടുകെട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടണമെങ്കില്‍ ആ രാജ്യത്തിന്റെ സഹകരണം വേണം.  പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയില്‍ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ ഹര്‍ജി നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നീരവ് മോദി, വിജയ് മല്ല്യ, ലളിത് മോദി എന്നിവരടക്കമുളളവര്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് ഇത്തരക്കാരെ പിടികൂടുന്നതിന് നിയമം കൊണ്ടവരാം എന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരെത്തിയത്. സാമ്പത്തിക തട്ടിപ്പ നടത്തി രാജ്യം വിടുന്നവരെ തിരികെ എത്തിക്കുന്ന നടപടിയ്ക്ക് കാലതാമസമെടുക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നത്.

അതേസമയം ബാങ്ക് വായ്പ നടത്തിയ മെഹുല്‍ ചോക്‌സിയുടെ 1217 കോടി രൂപയുടെ ആസ്തി കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.  മുംബൈയിലുള്ള 15 ഫ്ലാറ്റുകള്‍, 17 ഓഫീസുകള്‍, കൊല്‍ക്കത്തയിലുള്ള ഷോപ്പിംഗ് മാള്‍, അലിബാഗിലുള്ള ഫാം ഹൗസ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള 231 ഏക്കര്‍ ഭൂമി എന്നിവ ഉള്‍പ്പെടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലുള്ള 5,00 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്കും കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ശതകോടികള്‍ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചൊക്‌സി.

DONT MISS
Top