തണ്ടര്‍ബേര്‍ഡ് മുഖം മിനുക്കിയെത്തി; വീണ്ടും നിറപ്പകിട്ടില്‍ ആകര്‍ഷകമായി എന്‍ഫീല്‍ഡ്

എന്‍ഫീല്‍ഡിന്റെ ക്രൂസര്‍ മോഡലുകളായ തണ്ടര്‍ബേര്‍ഡ് 350എക്‌സും 500എക്‌സും ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങുന്നു. പുതു നിറങ്ങളിലും ചെറുപ്രത്യേകതകളും തണ്ടര്‍ ബേര്‍ഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പുതിയ തണ്ടര്‍ബേര്‍ഡിന്റെ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഓറഞ്ച്, ചുവപ്പ്, നീല, വെള്ള നിറങ്ങളിലാണ് പുതിയ തണ്ടര്‍ബേര്‍ഡ് പുറത്തിറങ്ങുക. എന്നാല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സിന് മാറ്റങ്ങളൊന്നുമില്ല. 346 സിസി സിംഗിള്‍ സിലണ്ടര്‍ എഞ്ചിനും 499 സിസി എഞ്ചിനും യഥാക്രമം 19.8 ബിഎച്ച്പിയും 27.2 ബിഎച്ച്പിയും കരുത്ത് നല്‍കും. 5സ്പീഡ് ഗിയര്‍ബോക്‌സ്തന്നെയാണ് എന്‍ഫീല്‍ഡ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

ബാക്ക് റെസ്റ്റ് എടുത്തുമാറ്റി, പകരം ഗ്രാബ് റെയില്‍ ഉള്‍പ്പെടുത്തി. എഞ്ചിനും എക്‌സ്‌ഹോസ്റ്റുമെല്ലാം മാറ്റ് കറുപ്പിലായി. ടാങ്കിന്റെ നിറംതന്നെ റിം സ്റ്റിക്കറിലും ഉള്‍പ്പെടും. ട്യൂബ് ലെസ്സ് ടയറും പുതിയ ഹാന്‍ഡില്‍ബാറും സിംഗിള്‍പീസ് സീറ്റും പുതുമനല്‍കുന്നുണ്ട്.

എബിഎസ് പോലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും കൂട്ടിച്ചേര്‍ക്കാന്‍ എന്‍ഫീല്‍ഡ് തയാറായിട്ടില്ല. മാത്രമല്ല അടിസ്ഥാനപരമായ മാറ്റങ്ങള്‍ പഴയ തണ്ടര്‍ബേര്‍ഡുമായി താരതമ്യം ചെയ്യുമ്പോഴില്ല. 350 സിസി മോഡലിന് 1.56 ലക്ഷവും 500 സിസി മോഡലിന് 1.98 ലക്ഷവുമാണ് എക്‌സ് ഷോറൂം വില.

DONT MISS
Top