പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചൊക്‌സിയുടെ 1,217 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മെഹുല്‍ ചൊക്സി

ദില്ലി: പിഎന്‍ബി തട്ടിപ്പില്‍ പ്രതിയായ വജ്രവ്യാപാരിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചൊക്‌സിയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1,217 കോടി രൂപ വിലമതിക്കുന്ന 41 വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

മുംബൈയിലുള്ള 15 ഫ്ലാറ്റുകള്‍, 17 ഓഫീസുകള്‍, കൊല്‍ക്കത്തയിലുള്ള ഷോപ്പിംഗ് മാള്‍, അലിബാഗിലുള്ള ഫാം ഹൗസ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലുള്ള 231 ഏക്കര്‍ ഭൂമി എന്നിവ ഉള്‍പ്പെടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലുള്ള 5,00 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്കും കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ശതകോടികള്‍ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചൊക്‌സി.

അതിനിടെ പിഎന്‍ബിയുടെ മുംബൈ ശാഖയില്‍ നീരവ് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിച്ചതായി ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. 1,222 കോടിയുടെ അനധികൃത ഇടപാടു കൂടി കണ്ടെത്തിയതോടെയാണിത്. ഇതോടെ നീരവ് മോദി നടത്തിയ തട്ടിപ്പ് 12,622 കോടി രൂപയായി. 11, 400 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ബാങ്ക് നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

തട്ടിപ്പുകേസില്‍ നീരവ് മോദിക്കും മെഹുല്‍ ചൊക്സിക്കുമെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പ് നീരവും ചൊക്‌സിയും രാജ്യം വിടുകയായിരുന്നു. ഇരുവരെയും ഇനിയും കണ്ടെത്താനായിട്ടില്ല.

DONT MISS
Top