ദീപ കര്‍മാക്കറാണ് എന്റെ മാതൃക: മനസ്സുതുറന്ന് ഇന്ത്യയുടെ അഭിമാനതാരം അരുണ റെഡ്ഡി

അരുണ റെഡ്ഡി

ദില്ലി: ജിംനാസ്റ്റിക്‌സില്‍ തന്റെ റോള്‍ മോഡല്‍ ദീപ കര്‍മാക്കറാണെന്ന് ഇന്ത്യയുടെ അഭിമാന താരം അരുണ ബുദ്ധ റെഡ്ഡി. കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ വെച്ചുനടന്ന ജിംനാസ്റ്റിക് ലോകകപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ സ്വന്തമാക്കിയ താരമാണ് അരുണ റെഡ്ഡി. ജിംനാസ്റ്റിക്‌സ് ചരിത്രത്തില്‍ കര്‍മാക്കറിനെപ്പോലെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ആഗ്രഹമെന്നും വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ അരുണ പ്രതികരിച്ചു.

‘ദീപ ദീദിയാണ് എന്റെ മാതൃക. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചവരാണ് അവര്‍. എനിക്കും അതുപോലെ തന്റേതായ സ്ഥാനം അടയാളപ്പെടുത്തണം. എല്ലാ അത്‌ലറ്റിനും കഠിനാധ്വാനം ആവശ്യമാണ്. അതില്ലാതെ ആരും നിലനില്‍ക്കില്ല’, മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരുപത്തിരണ്ടുകാരിയായ അരുണ കൂട്ടിച്ചേര്‍ത്തു.

അരുണ, ദീപ കര്‍മാക്കറിനും പരിശീലകനുമൊപ്പം

ജിംനാസ്റ്റിക് ലോകകപ്പില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അരുണ റെഡ്ഡി. വനിതകളുടെ വാള്‍ട്ട് ഇനത്തില്‍ 13.649 പോയിന്റോടെ വെങ്കല്‍ മെഡല്‍ സ്വന്തമാക്കിയ അരുണ ഹൈദരാബാദ് സ്വദേശിയാണ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്ഥാനത്തായിരുന്ന താരം 2005 ല്‍ ആദ്യമായി ദേശീയ മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

2016 റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനമായിരുന്നു ദീപ കര്‍മാക്കറിന്. നേരിയ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടമായത്. കര്‍മാക്കറിന് ഒളിംപിക്‌സില്‍ യോഗ്യത നേടാന്‍ കഴിഞ്ഞതായിരുന്നു വനിതാ ജിംനാസ്റ്റികില്‍ നിലവില്‍ ഉണ്ടായിരുന്ന നേട്ടം. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ ആശിഷ് കുമാര്‍ വെങ്കലം നേടിയിട്ടുണ്ട്.

DONT MISS
Top