യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്ന ‘വഴികാട്ടി’ പദ്ധതിക്ക് തുടക്കമായി

പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വ്വഹിക്കുന്നു

തിരുവനന്തപുരം: നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ യാത്രക്കാര്‍ക്ക് സൗജന്യ അടിയന്തര വൈദ്യസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘വഴികാട്ടി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ‘വഴികാട്ടി’ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളില്‍ ഓരോ ‘വഴികാട്ടി’ എന്ന നിലയിലാണ് സ്ഥാപിക്കുന്നത്. ഒമ്പത് ലക്ഷം രൂപ വീതം ഓരോ ജില്ലകള്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്. ബാക്കിയുള്ള ജില്ലകളില്‍ ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനസജ്ജമാക്കുന്നതാണ്. തുടര്‍ന്ന് എല്ലാ പ്രധാന നഗരങ്ങളിലും വഴികാട്ടി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് വഴികാട്ടി പദ്ധതിയുടെ മുഖ്യ ലക്ഷ്യം. അപകടത്തില്‍ പെടുകയോ മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്ന ജനങ്ങള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പൊതുജനങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രധാന ആകര്‍ഷണമായി അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ശുചിത്വ പൂര്‍ണവും സ്വകാര്യതയുമുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്ഥിരമായ പ്രതിരോധ കുത്തിവയ്പ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കുന്നതാണ്.

DONT MISS
Top