മുതിര്‍ന്ന പൗരന്മാര്‍ക്കായി പോലീസിന്റെ ഹോട്ട് ലൈന്‍ സേവനം ആരംഭിക്കുന്നു


സംസ്ഥാനത്ത് ഒറ്റപ്പെട്ട് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷയ്ക്കായി പോലീസിനെ വേഗത്തില്‍ ബന്ധപ്പെടുന്നതന് ഹോട്ട്‌ലൈന്‍ സംവിധാനം സ്റ്റേഷനുകളില്‍ ആരംഭിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ലയിലെ പാലാ പോലീസ് സ്റ്റേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ബിഎസ് എന്‍ എല്ലിന്റെ സഹകരണത്തോടെ ഈയിടെ ഒരു ഹോട്ട് ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു. ഇത് ഏറെ ഗുണകരമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളിലും ഇത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ലാന്‍ഡ് ഫോണിലെ റീസീവര്‍ പത്ത് സെക്കന്റ് നേരം എടുത്തുമാറ്റിയാല്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് സ്വമേധയാ കോള്‍ ലഭിക്കത്തക്കവിധമാണ് ഹോട്ട്‌ലൈന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. സാധാരണ ഒരു ലോക്കല്‍ കോളിന് ചെലവാകുന്ന തുക മാത്രമേ ഇത്തരത്തിലുള്ള ഹോട്ട് ലൈന്‍ സേവനത്തിനും ഈടാക്കുന്നുള്ളൂ എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാന്‍ കഴിയാതെയും ഓര്‍ത്തെടുക്കാന്‍ കഴിയാതെയും അവശത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സേവനം വളരെ ഉപയോഗപ്രദമായിരിക്കും.

പാലാ പോലീസ് സ്റ്റേഷനില്‍ നടപ്പിലാക്കിയ ഈ സേവനം ബിഎസ്എന്‍ എല്ലിന്റെ സഹകരണത്തോടെ മറ്റ് ജില്ലകളിലും നടപ്പാക്കണം. ഇതിനുപുറമേ പോലീസ് സ്റ്റേഷനുകളില്‍ വിളിക്കുന്ന നമ്പരുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ‘കാളര്‍ ഐ ഡി’ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top