“മെസ്സി ഒരു മനുഷ്യനെന്ന് തെളിയിക്കട്ടെ, എന്നിട്ട് ലോകകപ്പില്‍ കളിപ്പിക്കാം”, അര്‍ജന്റീനയുടെ സൂപ്പര്‍ താരത്തെക്കുറിച്ച് ഇറാന്‍ ദേശീയ പരിശീലകന്‍

ലയണല്‍ മെസി

മെസ്സിയെ ബൂട്ടണിഞ്ഞ ദൈവമെന്നും ഫുട്‌ബോളിന്റെ മിശിഹ എന്നുമെല്ലാം വിശേഷിപ്പിക്കാറുണ്ട്. പലരും അദ്ദേഹത്തെ പുകഴ്ത്തുന്നതും ഇതേ രീതിയില്‍തന്നെയാണ്. ഒരു മനുഷ്യനാണോ ഇയാള്‍ എന്ന സംശയമുളവാക്കുമാറ് കാല്‍പന്തുകളിയെ വരുതിയില്‍നിര്‍ത്തിയ മാന്ത്രികനാണ് മെസ്സി.

ഇറാന്‍ ദേശീയ ടീമിന്റെ പരിശീലകനായ കാര്‍ലോസ് ക്യുറോസാണ് ഇപ്പോള്‍ മെസ്സിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഒരു മനുഷ്യന്‍തന്നെയോ എന്ന് ക്യുറോസ് അത്ഭുതം പ്രകടിപ്പിച്ചത്. ഒരു മനുഷ്യനാണെന്ന് തെളിയിക്കുന്നതുവരെ മെസ്സിയെ ഫുട്‌ബോള്‍ കളിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോകകപ്പില്‍ നടന്ന ഇറാന്‍-അര്‍ജന്റീന മത്സരത്തില്‍ ഇഞ്ചുറിടൈമില്‍ ഗോള്‍ നേടി മെസ്സി തിളങ്ങിയിരുന്നു. ഈ ഗോളും അര്‍ജന്റീനെയെ ഫൈനലിലേക്ക് കുതിക്കുന്നതില്‍ സഹായിച്ചിരുന്നു. ഒരു മനുഷ്യനേക്കൊണ്ട് അത്തരത്തിലൊരു ഗോള്‍ നേടാനാവില്ലെന്നുപറയുന്നു കാര്‍ലോസ് ക്യുറോസ്.

“മെസ്സി സൂപ്പര്‍താരമാണെന്ന് ഞാന്‍ എല്ലായ്‌പോഴും പറയാറുണ്ട്. അയാളൊരു മനുഷ്യനാണെങ്കില്‍ അത്തരത്തിലൊരു ഗോള്‍ നേടില്ല. തോല്‍വി എനിക്കിഷ്ടമല്ലെങ്കിലും അന്ന് ഞാന്‍ നിരാശനായില്ല. ഫുട്‌ബോള്‍ ഇങ്ങനെ മഹത്തരമായി വിളങ്ങിനില്‍ക്കുന്നതിന്റെ ആഹ്ലാദമായിരുന്നു മനസില്‍. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മനോഹരമായ ഒരു കളിയാകുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണിത്”, ക്യുറോസ് പറഞ്ഞു.

മനുഷ്യനാണെന്ന് തെളിയിക്കുന്നതുവരെ ഫുട്‌ബോള്‍ കളിക്കാന്‍ ഫിഫ അനുമതി നല്‍കരുതാത്ത താരം എന്നാണ് അഭിമുഖത്തില്‍ ക്യുറോസ് മെസ്സിയെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ലോകകപ്പില്‍ മെസ്സി ഇറാനെതിരെ നേടിയ ഗോള്‍ കാണാം..

DONT MISS
Top