2017 ലെ ലോക കായികതാരം റോജര്‍ ഫെഡറര്‍; പിന്തള്ളിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ

പുരസ്‌കാരങ്ങളുമായി ഫെഡറര്‍

സലേ ഡെസ് എട്ടോയ്‌ലസ്: കഴിഞ്ഞവര്‍ഷത്തെ ലോക കായികതാരമായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തെരഞ്ഞെടുക്കപ്പെട്ടു. കായികരംഗത്തെ വിഖ്യാതമായ ലോറസ് പുരസ്‌കാരത്തിനാണ് ഫെഡറര്‍ അര്‍ഹനായത്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഫെഡര്‍ 2017 ലെ ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായത്. കായികരംഗത്തെ ഓസ്‌കറായി പരിഗണിക്കപ്പെടുന്നവയാണ് ലോറസ് പുരസ്‌കാരം.

പോരാട്ടവീര്യം കാഴ്ചവച്ച് തിരിച്ചുവരുന്നവര്‍ക്കുള്ള ലോറസ് പുരസ്‌കാരമായ കംബായ്ക്ക് പുരസ്‌കാരവും 36 വയസുകാരനായ ഫെഡറര്‍ കരസ്ഥമാക്കി. പ്രായവും പരുക്കും ഫോമില്ലായ്മയും മൂലം പിന്നിലായിപ്പോയെങ്കിലും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങള്‍ നേടി ശക്തമായ തിരിച്ചുവരവാണ് ഫെഡറര്‍ നടത്തിയത്. ഈ പ്രാഗത്ഭ്യത്തിനുള്ള അംഗീകാരമായി ഇരട്ടപ്പുരസ്‌കാരലബ്ധി. വനിതാ കായികതാരത്തിനുള്ള സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിനാണ്.

20 ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് താരമായ ഫെഡറര്‍ എക്കാലത്തേയും മികച്ച താരമായി പരിഗണിക്കപ്പെടുന്ന ടെന്നീസ് ഇതിഹാസമാണ്. ആറു വര്‍ഷമായി പ്രധാനപ്പെട്ട കിരീടങ്ങളൊന്നുമില്ലാതിരുന്ന ഫെഡറര്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് കഴിഞ്ഞവര്‍ഷം വിംബിള്‍ഡണ് നേടി ചരിത്രം സൃഷ്ടിച്ചത്. ഇപ്പോള്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പരും ഫെഡററാണ്.

ഈ മാസം 18ന്റോട്ടര്‍ഡാം ഓപ്പണില്‍ കിരീടമുയര്‍ത്തിയതോടെഓപ്പണ്‍ യുഗത്തില്‍ ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ താരമായി മാറിയിരുന്നു ഫെഡറര്‍. 109 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജിമ്മി കോര്‍ണേഴ്‌സാണ് ഒന്നാം സ്ഥാനത്ത്.റോട്ടര്‍ഡാമിലെ മൂന്നാം കിരീടമാണ് ഫെഡറര്‍ ഇത്തവണ ഉയര്‍ത്തിയത്. റോട്ടര്‍ഡാം ഓപ്പണില്‍ സെമിയില്‍ എത്തിയതോടെയാണ് നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറര്‍ ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചത്. സ്‌പെയിനിന്റെ റഫേല്‍ നാദിലിനെ പിന്തള്ളിയായിരുന്നു ഫെഡറര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

2003 ല്‍ 33 വയസും 131 ദിവസവും പ്രായമുള്ളപ്പോള്‍ ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം ആന്ദ്രെ അഗാസിയായിരുന്നു ഈ നേട്ടം കൈവരിച്ച പ്രായം കൂടിയ താരം. ആ റെക്കോര്‍ഡാണ് 36 വയസും 195 ദിവസും പ്രായമുള്ളപ്പോള്‍ ഫെഡറര്‍ തകര്‍ത്തത്.2012 ഒക്ടോബറിന് ശേഷം ഇതാദ്യമായിട്ടാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2004 ല്‍ ആദ്യമായി ഒന്നാം റാങ്കിംഗില്‍ എത്തിയ ഫെഡറര്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ആ സ്ഥാനം അലങ്കരിക്കുന്ന താരമെന്ന നേട്ടവും കൈവരിച്ചിരുന്നു.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയതോടെയാണ് ഫെഡറര്‍ തന്റെ ഗ്രാന്റ് സ്ലാം കിരീടനേട്ടം 20 ആക്കി ഉയര്‍ത്തിയത്. ഈ അത്ഭുത തിരിച്ചുവരവിനും കിരീടനേട്ടങ്ങള്‍ക്കുമുള്ള അംഗീകാരമാണ് രണ്ട്ലോറസ്പുരസ്‌കാരങ്ങള്‍.

DONT MISS
Top