ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ബിജെപി മുന്നണി വിട്ടു

മാഞ്ചി ആര്‍ജിഡി നേതാക്കളായ തേജ്പ്രതാപ് യാദവിനും തേജസ്വി യാദവിനുമൊപ്പം

പറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച നേ​താ​വു​മാ​യ ജി​ത​ൻ റാം ​മാഞ്ചി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വിട്ടു. പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്ത  രാ​ജ്യ​സ​ഭാ സീ​റ്റു​ക​ൾ ന​ൽ​കാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാഞ്ജി എ​ൻ​ഡി​എ വി​ട്ട​ത്. സംസ്ഥാനത്തെ പ്രതിപക്ഷമായ കോ​ൺ​ഗ്ര​സ്-​ആ​ർ​ജെ​ഡി മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മാഞ്ചി അ​റി​യി​ച്ചു.

മാ​ര്‍​ച്ച് 11നാ​ണ് ബിഹാറിലെ അ​രാ​രി​യ ലോ​ക്‌​സ​ഭാ സീ​റ്റി​ലേ​ക്കും ജ​ഹ​നാ​ബാ​ദ്, ഭാ​ഭു​വാ നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ഹ​നാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ലെ സീ​റ്റ് ത​ങ്ങ​ള്‍​ക്ക് വേ​ണ​മ​ന്ന് മാഞ്ചി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​സീ​റ്റ് മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പാര്‍ട്ടിയായ ജെ​ഡി​യു​വി​ന് ന​ൽ​കാ​ൻ മുന്നണി തീരുമാനിച്ചതോടെയാണ് മാഞ്ചി മുന്നണി ബന്ധം ഉപേക്ഷിച്ചത്. ജെ​ഡി​യു​വി​ലെ അ​ഭി​രാം ശ​ർ​മ​യാ​ണ് ജ​ഹ​നാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്നു നേ​ര​ത്തെ ത​ന്നെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സീറ്റ് കിട്ടില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് താന്‍ എന്‍ഡിഎ സഖ്യം വിട്ട് മഹാസഖ്യത്തിനൊപ്പം ചേരുകയാണെന്ന് മാഞ്ചി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് നിന്ന് ആറ് രാജ്യസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സീറ്റുകളിലൊന്നുപോലും മാഞ്ചിയുടെ പാര്‍ട്ടിക്ക് നല്‍കാനും എന്‍ഡിഎ സഖ്യത്തിന് സംസ്ഥാനത്ത് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയാറായില്ല. ഇതേതുടര്‍ന്നാണ് മാഞ്ചി സഖ്യം വിടാന്‍ തീരുമാനിച്ചത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അന്ന് എതിര്‍പക്ഷത്തായിരുന്ന ബിജെപി മികച്ച വിജയം നേടിയതിനെ തുടര്‍ന്ന് ജെഡിയുവിന്റെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചതോടെയാണ് മാഞ്ചി മുഖ്യമന്ത്രിയായത്. തന്റെ വിശ്വസ്തനായിരുന്ന മാഞ്ചിയെ നതീഷ് മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയാക്കുകയായിരുന്നു. നിതീഷ്‌കുമാറിന്റെ ഡമ്മി മുഖ്യമന്ത്രിയാണ് മാഞ്ചി എന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു.

ഒന്‍പതുമാസത്തെ ഭരണത്തിനിടെ പലവിവാദങ്ങളിലും മാഞ്ചി പെട്ടിരുന്നു. അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നത് ജെഡിയുവിന്റെ ഇമേജിനെ പോലും ബാധിക്കുന്ന ഘട്ടമായപ്പോള്‍ നിതീഷ്‌കുമാര്‍ അദ്ദേഹത്തെ മാറ്റി വീണ്ടും മുഖ്യമന്ത്രസ്ഥാനമേല്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്നെ മുഖ്യമന്ത്രിയായി നിയോഗിച്ച നിതീഷിനോട് ഇടഞ്ഞ മാഞ്ചി സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ബിജെപി പിന്തുണയോടെ ഭരണത്തില്‍ തുടരാനായിരുന്നു മാഞ്ചിയുടെ നീക്കം. കോടതിയില്‍ കേസും വന്നു. തന്നെ പിന്തുണയ്ക്കുന്ന 128 എംഎല്‍എമാരെ നീതീഷ്‌കുമാര്‍ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയുടെ മുന്നില്‍ ഹാജരാക്കി തന്റെ പിന്തുണ തെളിയിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

ഒടുവില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മാഞ്ചിയോട് സംസ്ഥാന ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി നിര്‍ദേശിക്കുകയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ 2015 ഫെബ്രുവരി 20 ന് മാഞ്ചി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും പിന്നീട് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ ചേരുകയുമായിരുന്നു.

DONT MISS
Top