ബ്ലാസ്റ്റേഴ്‌സ് നാളെ ബംഗളുരുവിനെതിരെ; ഉറ്റുനോക്കി ആരാധകര്‍

ബ്ലാസ്റ്റേഴ്‌സ് ടീം

ബംഗളുരു: പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ബംഗളുരു എഫ്‌സിയെ നേരിടും. കഴിഞ്ഞ ദിവസം മുബൈ എഫ്‌സി ഡെല്‍ഹിയോട് 5-1 ന് പരാജയപ്പെട്ടതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ അല്‍പമൊന്നുണരുകയും ചെയ്തിട്ടുണ്ട്. ഫലിക്കാനുള്ള സാധ്യത കുറവാണെങ്കിലും.

ഇന്നു നടക്കുന്ന ഗോവ-കൊല്‍ക്കത്ത മത്സരം സമനിലയിലാവുകയോ ഗോവ തോല്‍ക്കുകയോ ചെയ്താല്‍ കേരളത്തിന്റെ പ്രതീക്ഷ വീണ്ടും വര്‍ധിക്കും. ഒപ്പം മാര്‍ച്ച് നാലിന് നടക്കുന്ന ഗോവ-ജെംഷഡ്പൂര്‍ മത്സരം സമനിലയിലാവുകയും ബംഗളുരുവിനെതിരെയുള്ള മത്സരം വിജയിക്കുകയും ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ എത്താം. ഇത് അസാധ്യമായ കാര്യമല്ല. എന്നാല്‍ എളുപ്പവുമല്ല.

പതിനാറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ ഒമ്പതാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് ഫോമിലുള്ള ഗോവയെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല. എന്നാല്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ്‍ മാന്യമായി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന കൊല്‍ക്കത്ത അവരുടെ ഏറ്റവും മികച്ച കളിതന്നെ പുറത്തെടുത്തേക്കാം. അതിനാല്‍ തോല്‍പ്പിക്കാനാകില്ലെങ്കിലും സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെ വന്നാല്‍ കേരളത്തിനത് പ്രയോജനം ചെയ്യും. ഇതുപോലെ ഏറെക്കുറെ തുല്യ ശക്തികളായ ജെംഷഡ്പൂരും ഗോവയും തമ്മിലുള്ള മത്സരവും സമനിലയില്‍ അവസാനിക്കാം.

ഇതുരണ്ടും സംഭവിച്ചാലും പ്രധാന കാര്യം അവശേഷിക്കുന്നു. അത് ബംഗളുരുവിനെ പരാജയപ്പെടുത്തുക എന്നതാണ്. അവിടെ തോല്‍വിയാണ് ഫലമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാലും ഗുണമുണ്ടാകില്ല. എന്നാല്‍ ബംഗളുരുവിനെതിരെ ഒരു വിജയമെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രയാസമുള്ള കാര്യമൊന്നുമില്ല. ടീം ഫോമിലേക്ക് വരണമെന്നു മാത്രം. താരതമ്യം ചെയ്താല്‍ ഇപ്പോഴും മികച്ച ടീം ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്. സെമിഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ ബംഗളുരു ഒരുപക്ഷേ അവരുടെ ആദ്യ ഇലവനെ അണിനിരത്താനുള്ള സാധ്യതയും വിരളമാണ്. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകാം. ഈ അനുകൂല സാഹചര്യത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് സെമിയിലെത്താം.

അവസാന മത്സരത്തില്‍ ഹ്യൂം തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. മറ്റാരേയും പരുക്കുകള്‍ അലട്ടുന്നുമില്ല. അതിനാല്‍ മികച്ച ഇലവനെത്തന്നെ ഗ്രൗണ്ടിലിറക്കാന്‍ ഡേവിഡ് ജെയിംസിന് കഴിയും. ആരാധകരുടെ പ്രാര്‍ത്ഥനയും കൂടിയാകുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൂടായ്കയില്ല. പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ആറുവിജയവും ഏഴുസമനിലയും നാല് തോല്‍വിയുമായി 25 പോയിന്റാണുള്ളത്. സെമിയില്‍ എത്താനായില്ലെങ്കിലും സൂപ്പര്‍കപ്പില്‍ കളിക്കാനുള്ള യോഗ്യത ബ്ലാസ്‌റ്റേഴ്‌സിനുണ്ടാകും.

DONT MISS
Top