ദേശീയ സീനിയര്‍ വോളി: കലാശപ്പോരാട്ടത്തിന് കേരളം ഇന്നിറങ്ങും, റെയില്‍വേസ് എതിരാളികള്‍

വനിത-പുരുഷ ടീമുകള്‍

കോഴിക്കോട്: 66-ാമത് സീനിയര്‍ വോളിബോള്‍ കലാശപ്പോരാട്ടത്തിന് കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ ഇന്നിറങ്ങും. ഇരുവിഭാഗങ്ങളിലും കരുത്തരായ റെയില്‍വേസാണ് എതിരാളികള്‍. സെമിയില്‍ തമിഴ്‌നാടിന്റെ പുരുഷ-വനിതാ ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു കേരളം ഫൈനലിന് യോഗ്യത നേടിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പുരുഷ ടീം കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ സെറ്റില്‍ കേരള നായകന്‍ ജെറോമിന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ തമിഴ്‌നാടിന് പിടിച്ചുനില്‍ക്കാനായില്ല. പലഘട്ടത്തിലും തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് നടത്തിയെങ്കിലും ഫലം കണ്ടില്ല സ്‌കോര്‍25-22. രണ്ടാം സെറ്റില്‍ തമിഴനാടിന്റെ മുന്നേറ്റമായിരുന്നു. നിരവധി തവണ സ്‌കോര്‍ ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ വിട്ടുകൊടുകക്കാന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ തയ്യാറായില്ല(30-28). എന്നാല്‍ അവസാന സെറ്റില്‍ ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ തമിഴ്‌നാടിന് കഴിഞ്ഞില്ല ഇതോടെ 25-22 ന് മൂന്നാം സെറ്റും സ്വന്തമാക്കി കേരളം ഫൈനലിലേക്ക് കുതിച്ചു.

നേരത്തെ സെമിയല്‍ തമിഴ്‌നാടിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് കേരള വനിതാ ടീം തോല്‍പ്പിച്ചത്. ഗ്രൂപ്പ്ഘട്ടത്തിലും ക്വാര്‍ട്ടര്‍ മത്സരങ്ങളിലും നേടിയ അനായസ വിജയത്തിന്റെ തനിയാവര്‍ത്തനമായിരുന്നു കേരളത്തിന്റെ സെമി ഫൈനല്‍ മത്സരവും. ആദ്യസെറ്റില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ചെറുത്തു നില്‍ക്കാന്‍ പോലും തമിഴ്‌നാടിനായില്ല. ആദ്യസെറ്റ് 25-14 ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റിലും ആതിഥേയര്‍ക്ക് വെല്ലുവിളിയാകാന്‍ തമിഴ്‌നാടിനായില്ല. നായിക അഞ്ജുമോളും, അഞ്ജലിയും, രേഖയും കളം നിറഞ്ഞു കളിച്ചതോടെ തമിഴ്‌നാടിന് രണ്ടാം സെറ്റും നഷ്ടമായി. മത്സരത്തിന്റെ പലഘട്ടത്തിലും കേരള താരങ്ങളുടെ പിഴവുകളില്‍ നിന്ന് ലഭിച്ച പോയിന്റുകള്‍ മാത്രമാണ് തമിഴ്‌നാടിന് സ്വന്തമാക്കാനായത്. മൂന്നാം സെറ്റില്‍ കേരളത്തിന്റെ ജിനിയും ശ്രുതിയും കൂടി ഉണര്‍ന്നു കളിച്ചതോടെ കേരളം 25-21 ന് മൂന്നാം സെറ്റും ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കുകയായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താന്‍ കേരള പുരുഷ ടീം അവസാന പോരാട്ടത്തിനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ ഒമ്പത് വര്‍ഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് വനിതാ ടീം ഇറങ്ങുന്നത്. പതിനാറാം തവണയാണ് പുരുഷ ടീം ഫൈനലില്‍ കടക്കുന്നത്. ഇതില്‍ അഞ്ച് തവണ കിരീടം നേടി. ആധികാരിക വിജയത്തോടെയാണ് കേരളവും റെയില്‍വേസും ഫൈനലില്‍ മാറ്റുരയ്ക്കുന്നത് എന്നത് തന്നെയാണ് കലാശപ്പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാക്കുന്നതും. വൈകിട്ട് മൂന്നിന് വനിതകളും, വൈകിട്ട് അഞ്ചിന് പുരുഷ ടീമും റെയില്‍വേസിനെ നേരിടും.

DONT MISS
Top