ദിവസവും കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദിവസവും കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് അതിക്രൂരമായ മൂന്ന് കൊലപാതകങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് പൊലീസ് നിഷ്‌ക്രിയമാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടിയുണ്ടായില്ല. ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പിന്നീട് പിന്‍മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണകക്ഷികളുടെ ഗുണ്ടകളാണ് മണ്ണാര്‍ക്കാട് സഫീറിനെ കൊലപ്പെടുത്തിയത്. എന്നാല്‍ ആ കൊലപാതകത്തില്‍ അപലപിക്കാന്‍ പോലും കേരളത്തിലെ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുമ്പോള്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങളിലും അപലപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ആരോപിച്ചു.

DONT MISS
Top