തനിക്കെതിരെ നടപടിക്ക് അധികാരം പോപ്പിന് മാത്രമെന്ന വാദവുമായി ആലഞ്ചേരി; രാജ്യത്തെ നിയമവ്യവസ്ഥ കര്‍ദിനാളിനു ബാധകമല്ലേയെന്ന് ഹൈക്കോടതിയുടെ ചോദ്യം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള ഹൈക്കോടതി

കൊച്ചി: തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ സഭയുടെ കാനോന്‍ നിയമം അനുസരിച്ച് കത്തോലിക്കാ സഭാ തലവനായ മാര്‍പാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്ന് സീറോ മലബാര്‍ സഭാതലവനും എറണാകുളം -അങ്കമാലി അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രൂപതയുടെ സ്വത്ത് വില്‍പ്പന സംബന്ധിച്ച് ഹൈക്കോടതിയില്‍ നടക്കുന്ന കേസിലാണ് മാര്‍ ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്.

രൂപതയുടെ സ്വത്ത് വകകള്‍ വിറ്റതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം രൂപതയ്ക്കുണ്ടായെന്നും സംഭവത്തില്‍ നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നെന്നും ഇതേക്കുരിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സഭാ വിശ്വാസികളായ രണ്ട് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഈ കേസില്‍ വാദം തുടരുന്നതിനിടെയാണ് കര്‍ദിനാള്‍ ആലഞ്ചേരി തനിക്കെതിരേ നടപടി സ്വീകരിക്കാനും തന്നെ മാറ്റാനും അധികാരം മാര്‍പാപ്പയ്ക്ക് മാത്രമേയുള്ളൂവന്ന് വ്യക്തമാക്കിയത്. ഇതുവരെ മാര്‍പാപ്പ തനിക്കെതിരേ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. എന്നാല്‍ ഈ നിലപാട് കര്‍ദിനാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉയര്‍ത്തിയപ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ സീറോ മലബാര്‍ കത്തോലിക്കാ സമഭാധ്യക്ഷനായ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ബാധകമല്ലേയെന്ന് കോടതി ചോദിച്ചു.

തനിക്കെതിരേ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക മാത്രമാണ്. ഇക്കാര്യം സഭാ നിയമമായ കാനോന്‍ നിയമത്തില്‍ പറയുന്നുണ്ട്. തനിക്കെതിരേ ഒരു വിധ നടപടിക്കും ആര്‍ക്കും സാധ്യമല്ല. മറ്റാര്‍ക്കും തനിക്കെതിരേ വിധി നിശ്ചയിക്കാന്‍ ആധികാരമില്ല. കര്‍ദിനാളുമായി ബന്ധപ്പെട്ട വിഷയം എന്തുതന്നെയായാലും അതില്‍ തീരുമാനമെടുക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്കാണ് എന്നാണ് കാനോന്‍ നിയമം അനുശാസിക്കുന്നത്. അതിനാല്‍ തനിക്കെതിരെ സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്ന നടപടി വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല- മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

ഇപ്പോള്‍ കേസിന് ആസ്പദമായ ഭൂമി ഇടപാട് നല്ല ഉദ്ദേശത്തോടെ നടത്തിയതാണ്. നോട്ട് നിരോധനം വന്നത് കാണ്ടാണ് രൂപതയ്ക്ക് ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാതിരുന്നത്. ഭൂമി ഇടപാട് നടത്തി രൂപതയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള നഷ്ടമുണ്ടാക്കണമെന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ആലഞ്ചേരി പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ വിശ്വാസവഞ്ചന നിയമം നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിച്ചുവരുകയാണെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളൊന്നും കര്‍ദിനാളിന് ബാധകമല്ലേ? കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി? വില കുറച്ച് ഭൂമി വില്‍ക്കാന്‍ കര്‍ദിനാളിനു പറ്റുമോ? കോടതി ആരാഞ്ഞു. ബിഷപ്പ് സഭാ സ്വത്തുക്കളുടെ സംരക്ഷകന്‍ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തില്‍ പോപ്പിന്റെ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വത്തിക്കാന്റെ തീരുമാനങ്ങള്‍ സഭയുടെ ആഭ്യന്തരകാര്യങ്ങളില്‍ മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി മാര്‍ ആലഞ്ചേരിക്ക് എങ്ങനെ വില്‍പ്പന നടത്താനാകുമെന്ന് കോടതി ചോദിച്ചിരുന്നു. സ്വന്തംപേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട് . എന്നാല്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോ മലബാര്‍സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സഭ ട്രസ്റ്റല്ല. കാനോന്‍ നിയമപ്രകാരം രൂപതയുടെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ രൂപതാധ്യക്ഷനെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നും കര്‍ദിനാള്‍ അറിയിച്ചിരുന്നു.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

രണ്ട് സഹായമെത്രാന്‍മാര്‍ ഉണ്ടെങ്കിലും സീറോ മലബാര്‍ സഭയുടെ മാതൃരൂപത എന്ന നിലയില്‍ സഭാധ്യക്ഷന്‍ കൂടിയായ മാര്‍ ജോര്‍ജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. ഇതിനാല്‍ തന്നെ സഹായമെത്രാന്‍മാര്‍ക്ക് രൂപതയുടെ ഭരണത്തില്‍ കാര്യമായ പങ്ക് ഇല്ലെന്ന് നേരത്തെമുതല്‍ പരാതിയുയര്‍ന്നതാണ്. ഇപ്പോഴത്തെ ഭൂമി വില്‍പ്പന വിവാദത്തോടെ ഇത് സംബന്ധിച്ച പരാതി ശക്തമായിരുന്നു.

സീറോ മലബാര്‍ സഭാ ഭരണസംവിധാനമനുസരിച്ച് സഭയുടെ അധ്യക്ഷനാകുന്നയാളാകും എറണാകുളം -അങ്കമാലി അതിരൂപതയുടെയും അധ്യക്ഷന്‍. ഈ സാഹചര്യത്തില്‍ എറണാകുളം രൂപതയ്ക്ക് പുറത്തുനിന്നുള്ളവരാണ് രൂപതയുടെ അധ്യക്ഷന്‍മാരാകുന്നത്. സീറോ മലബാര്‍ സഭാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗില്‍ എറണാകുളം, തൃശൂര്‍ അതിരൂപതകളുടെ നേതൃത്വത്തിലുള്ള വിഭാഗത്തേക്കാള്‍ മെത്രാന്മാരുടെ പിന്തുണ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തുള്ള വിഭാഗത്തിനുണ്ട്. ഈ സാഹചര്യമാണ് ഇവര്‍ക്ക് താല്‍പര്യമുള്ള ബിഷപ്പ് സഭാധ്യക്ഷനായി വരാന്‍ കാരണം. ഇങ്ങനെ എറണാകുളം അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ബിഷപ്പ് സീറോ മലബാര്‍ സഭാധ്യക്ഷനെന്ന നിലയില്‍ രൂപതാധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണം.

DONT MISS
Top