ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന യുവാവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് പരുക്കേറ്റു.

ഇന്നു പുലര്‍ച്ചെ എറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആറാട്ട് എതിരേല്‍പ്പിനുള്ള ഒരുക്കത്തിനടെയാണ് ആന ഇടഞ്ഞത്. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് അടുത്തുള്ള കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുന്നതിനിടെ ഗണപതിയെ പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തുകയായിരുന്നു. ഇതോടെ ഇടഞ്ഞ ഗണപതി തന്റെ പുറത്തുണ്ടായിരുന്ന യുവാവിനെ കുലുക്കി താഴെയിടാന്‍ ശ്രമിച്ചു. ഇതിനിടെ സമയോചിതമായി ഇടപെട്ട ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കല്യാണ മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ നിന്നും വടം ഉപയോഗിച്ച് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി.

പിന്നീട് ആന ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറാന്‍ ശ്രമിച്ചതോടെ ജനം ചിതറിയോടി. ഈ തിക്കിലും തിരക്കിലും എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ മയക്കുവെടി വെച്ച് തളച്ചു.

DONT MISS
Top