പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; കഠിനാധ്വാനം തുടരുമെന്നും ആരാധകരോട് കോഹ്‌ലി

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദണ്ഡ് ഏറ്റുവാങ്ങി വിരാട് കോഹ്‌ലി

ദില്ലി: പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ടീമിന് ഐസിസി നല്‍കിയ ദണ്ഡും പത്ത് ലക്ഷം രൂപയും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കളത്തില്‍ ഈ കഠിനാധ്വാനം ഞങ്ങള്‍ തുടരുമെന്നും കോഹ്‌ലി ആരാധകര്‍ക്ക് ഉറപ്പ് നല്‍കി.

കേപ്ടൗണ്‍ ട്വന്റി20ക്ക് ശേഷം സുനില്‍ ഗവാസ്‌കറും ഗ്രെയിം പൊള്ളോക്കും ചേര്‍ന്നാണ് നായകന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദണ്ഡ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ നേടിയ വിജയത്തിനുശേഷമാണ് ഇന്ത്യ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ടെസ്റ്റ് റാങ്കിംഗിലുള്ള ദണ്ഡ് ഇന്ത്യ കൈവശം വെയ്ക്കുന്നത്. നേരത്തെ 2016 ഒക്ടോബറിലും ഇന്ത്യ നേട്ടം സ്വന്തമാക്കിയിരുന്നു.

‘രണ്ടാംവട്ടവും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദണ്ഡ് വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ പ്രകടനത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ പ്രകടനം റാങ്കിംഗിലും പ്രതിഫലിച്ചു. ടീമിന്റെ കഠിനാധ്വാനത്തിലും നിശ്ചയദാര്‍ഢ്യത്തിലും സംതൃപ്തിയുണ്ട്,’ വിരാട് പറഞ്ഞു.

‘എല്ലാ ഘട്ടത്തിലും കൂടെ നിന്ന കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും, ലോകത്തുള്ള മുഴുവന്‍ ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ കഠിനാധ്വാനം ഞങ്ങള്‍ തുടരുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഏറ്റവും മികച്ച പ്രകടനം തന്നെ ഞങ്ങള്‍ കാഴ്ചവെയ്ക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ എത്രകാലം ഉന്നതസ്ഥാനത്ത് നിര്‍ത്താന്‍ പറ്റുമോ അത്രയും കാലം ഞങ്ങള്‍ അതിനായി ശ്രമിക്കും’. വരാനിരിക്കുന്ന വിദേശ പര്യടനങ്ങളില്‍ തുടര്‍ന്നും ആരാധകരുടെ പിന്തുണയുണ്ടാകണമെന്ന് പറഞ്ഞ കോഹ്‌ലി, ആരാധകരാണ് തങ്ങളുടെ കരുത്തെന്നും കൂട്ടിച്ചേര്‍ത്തു.

DONT MISS
Top