അരങ്ങൊഴിഞ്ഞത് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ; വിങ്ങലോടെ ചലച്ചിത്ര ലോകം

മുംബെെ: ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി വിടവാങ്ങുമ്പോൾ, തെന്നിന്ത്യൻ സിനിമ ലോകത്തിലും ഇത് സ്വകാര്യ നഷ്ടമാണ്. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിലെ വെളിച്ചത്തിലേക്ക് വന്നത്.

ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകൾ ചെയ്ത ശ്രീദേവിക്ക് 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.  പതിമൂന്നാം വയസിലാണ് ശ്രീദേവി കമല്‍ ഹാസനും രജനീകാന്തും നായകന്മാരായി എത്തിയ മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ ആദ്യം നായികയാവുന്നത്.

തമിഴില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധനേടിയതോടെ ദക്ഷിണേന്ത്യയുടെ സ്വപ്ന സുന്ദരി പട്ടം താരത്തിന് സിനിമ ലോകം ചാർത്തി കൊടുത്തു. മൂന്നാം പിറയടക്കമുള്ള ചിത്രങ്ങളിൽ ശ്രീദേവിയുടെ അഭിനയത്തിന് വാക്കുകൾക്കും അധീതമായിരുന്നു.  1975 ൽ ജൂലി എന്ന സിനിമയിലൂടെയാണ് ശ്രീദേവി ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നത്. ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ടു.

ആദ്യകാല ചിത്രങ്ങളില്‍ ഒന്ന്

1978ല്‍ ജിതേന്ദ്രയുടെ നായികയായുള്ള ‘ഹിമ്മത് വാല’യിലെ അഭിനയത്തോടെ ശ്രീദേവിയെ ബോളിവുഡും ഇരുകയ്യും നീട്ടി സ്വീകരിച്ചു. പുരുഷ താരനിര അടക്കിവാണ ബോളിവുഡിൽ‍ ഹിറ്റുകളുടെ പരമ്പര തീര്‍ത്ത് ശ്രീദേവി ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പട്ടം സ്വന്തമാക്കി. 26ഓളം മലയാള സിനിമയിലും ശ്രീദേവി നായികയായെത്തി. മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള പ്രണയവും അകല്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞു.

1997ല്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം 2012 ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 2013ല്‍ രാജ്യം പദ്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. മകൾ നായികയാകുന്ന ചിത്രം പ്രദർശനത്തിന് എത്തും മുമ്പേയാണ് ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ അരങ്ങൊഴിഞ്ഞത്.

ഫയല്‍ചിത്രം

DONT MISS
Top