ആ സ്വപ്നം പൂവണിയുന്നത് കാണാന്‍ ഇനി ശ്രീദേവിയില്ല

ശ്രീദേവിയുടെ മകള്‍ ജാഹ്നിയുടെ സിനിമാ പ്രവേശനത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചയായിരിക്കെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. അമ്മ രാജേശ്വരിയുടെ നിര്‍ബന്ധത്താല്‍ ചലചിത്ര ലോകത്തേക്ക് ചേക്കേറിയ ശ്രീദേവിയുടെ വലിയ സ്വപ്‌നമായിരുന്നു മകള്‍ ജാഹ്നിയുടെ സിനിമാ പ്രവേശം.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധടക് എന്ന സിനിമയിലാണ് ജാഹ്നി അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്നാല്‍ ആ സ്വപ്‌നം ബാക്കിയാക്കിയാണ് ശ്രീദേവി ഇന്ന് വിടപറഞ്ഞിരിക്കുന്നത്. പൊതുവേദികളിലെല്ലാം പെണ്‍മക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട ശ്രീദേവി എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന അമ്മയാണ്.

തുണൈവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ നാലാം വയസ്സിലായിരുന്നു ശ്രീദേവി അഭിനയരംഗത്തേക്കെത്തുന്നത്. അമ്മയുടെ നിര്‍ബന്ധത്താല്‍ സിനിമയിലെത്തിയ മകള്‍ പിന്നീട് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.

ദുബായിൽ ബോളിവുഡ് നടൻ മോഹിത് മാർവയുടെ വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലമായിരുന്നു ശ്രീദേവിയുടെ മരണം. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു. ആദ്യ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാഹ്നി കപൂര്‍ വിവാചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളർച്ച അതിവേഗമായിരുന്നു.

DONT MISS
Top