വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയിലെ ‘പൂമ്പാറ്റ’; വിയോഗത്തില്‍ പങ്കുചേര്‍ന്ന് മലയാള ചലച്ചിത്ര ലോകവും

ബോളിവുഡിനെ പോലെ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകവും. ബാലതാരമായ ചലച്ചിത്രലോകത്തേയ്‌ക്കെത്തിയ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മികവുറ്റ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. കുമാരസംഭവം, ദേവരാഗം, സത്യവാന്‍ സാവിത്രി തുടങ്ങി 26 ഓളം മലയാള സിനിമകളില്‍ ശ്രീദേവി വേഷമിട്ടിട്ടുണ്ട്. ശ്രീദേവി എന്ന നടിയെ സഹപ്രവര്‍ത്തകയെ ഓര്‍ക്കുകയാണ് മലയാള സിനിമാ ലോകം.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുമ്പോഴും അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ശ്രീദേവി കൈകാര്യം ചെയ്തിരുന്നതെന്ന് ജഗദീഷ്

ബാലതാരമായി വരുമ്പോള്‍ തന്നെ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് ശ്രീദേവിയെന്ന് നടന്‍ ജഗജീഷ്. ശ്രീദേവിയുടെ മരണത്തില്‍ റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു ജഗദീഷ്. ബാലതാരത്തില്‍ നിന്നും നായികാ കഥാപാത്രങ്ങളിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രശസ്തരായ നിരവധി സംവിധായകരുടെയും നടന്‍മാരുടെയും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ലഭിച്ചു. ആ ചിത്രങ്ങളിലെ അവരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ജഗദീഷ് പറയുന്നു.

ഏറ്റവും ഒടുവില്‍ ശ്രീദേവി അഭിനയിച്ച  മോം എന്ന ചിത്രത്തില്‍ വളരെ തന്‍മയത്വത്തോടുകൂടിയുള്ള പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും ജഗദീഷ് പറയുന്നു. ശ്രീദേവിയുടെ രണ്ടാം വരവിലാണ് അവിസ്മരണീയമായ അവരുടെ വേഷം കാണാനായത്.

അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ശ്രീദേവി ഭംഗിയായി കൈകാര്യം ചെയ്തുവെന്നത് എടുത്തുപറയേണ്ട ഒന്നാണ്. സിനിമകളില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ശ്രീദേവിയ്ക്ക് സാധിച്ചിട്ടുണ്ട്. നായകന് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ ശ്രീദേവിയ്ക്കും പ്രാധാന്യം ലഭിച്ചുവെന്നത് എടുത്തുപറയേണ്ട ഒന്നാണ്. ജഗദീഷ് പറയുന്നു.

ചിത്രങ്ങള്‍ കൊമേഷ്യല്‍ ഹിറ്റുകളാകുമ്പോള്‍ തന്നെ അവരുടെ പ്രകടനം കൊണ്ട് പല കഥാപാത്രങ്ങളും ശ്രദ്ദിക്കപ്പെട്ടിരുന്നു. ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുമ്പോഴും അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ശ്രീദേവി കൈകാര്യം ചെയ്തിട്ടുളളത്. ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണെന്നും ജഗദീഷ് പ്രതികരിച്ചു.

ശ്രീദേവിയോട് സ്നേഹവും ആദരവും; കെപിഎസി ലളിത

ശ്രീദേവിയെ വളരെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്ന് നടി കെപിഎസി ലളിത പ്രതികരിച്ചു. കുമ്മാരസംഭവം തൊട്ട് നിരവധി ചിത്രങ്ങളില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും കെപിഎസി ലളിത പ്രതികരിച്ചു.

ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടുള്ള വേഷത്തിലാണ് ശ്രീദേവി ആദ്യമായി അഭിനയിച്ചതെന്നും കെപിഎസി ലളിത പറയുന്നു. അന്ന് ശ്രീദേവിയ്ക്ക് മൂന്ന് വയസ്സായിരുന്നുവെന്നും പിന്നീടാണ് ശ്രീദേവി സിനിമയിലെത്തുന്നതും നായികയാകുന്നതും. ശ്രീദേവിയുടെ അമ്മ ഇക്കാര്യം ഓര്‍ത്തുവെച്ചിരുന്നുവെന്നും അവരുടെ നിര്‍ബന്ധത്തിലാണ് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചതെന്നും കെപിഎസി ലളിത റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

ശ്രീദേവിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജുവാര്യര്‍. അന്നും ഇന്നും എന്നും ഒരു പ്രചോദനമായി പാഠപുസ്തകമായി നിലകൊണ്ടതിന് നന്ദിയെന്ന് മഞ്ജുവാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, തുടങ്ങിയവരും ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

DONT MISS
Top