ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തലയുയര്‍ത്തി ഇന്ത്യ; ട്വന്റി20 പരമ്പരയും സ്വന്തമാക്കി

ഇന്ത്യന്‍ ടീം കിരീടവുമായി

കേപ്ടൗണ്‍: ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 165 റണ്‍സിലൊതുങ്ങുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 172 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചത്. സ്‌കോര്‍ 14 നില്‍ക്കെ ഓപ്പണര്‍ രോഹിതിനെ(11 റണ്‍സ്) വിക്കറ്റിന് മുന്നില്‍ കുരുക്കി ഡാലയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ശിഖര്‍ ധവാന് കൂട്ടായി സുരേഷ് റെയ്‌ന എത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. 47 റണ്‍ നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 40 പന്തുകള്‍ നേരിട്ട ധവാന്‍ നാല് ഫോര്‍ ഉള്‍പ്പെടെയാണ് 47 റണ്‍സ് സ്വന്തമാക്കിയത്.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പരമ്പരയില്‍ ഇടംനേടിയ റെയ്‌ന തകര്‍പ്പന്‍ പ്രകടനമാണ് കേപ്ടൗണില്‍ കാഴ്ചവെച്ചത്. 27 പന്തുകളില്‍ നിന്ന് 43 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. സ്‌കോര്‍ ബോര്‍ഡ് 79 ല്‍ നില്‍ക്കെ തകര്‍ത്ത് മുന്നേറുന്ന റെയ്‌നയെ ഷംസിയുടെ പന്തില്‍ ബെഹാര്‍ദീന്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. റെയ്‌നയാണ് കളിയിലെ താരവും. മധ്യനിരയ്ക്ക് ശോഭിക്കാനാകാതെ പോയതാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടക്കുന്നതില്‍ നിന്ന് അകറ്റിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ(21), മനീഷ് പാണ്ടെ(13), ദിനേശ് കാര്‍ത്തിക്(13), ധോണി(12), ഭുവനേശ്വര്‍ കുമാര്‍(3), അക്‌സര്‍ പട്ടേല്‍(1) എന്നിവരും സന്ദര്‍ശകര്‍ക്കായി ബാറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി ഡാല മൂന്നും, ക്രിസ് മോറിസ് രണ്ടും, ഷംസി ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി നായകന്‍ ജെപി ഡുമിനിയും ക്രിസ്റ്റ്യന്‍ ജോങ്കറും തകര്‍ത്ത് കളിച്ചു. 41 പന്തില്‍ 55 റണ്‍സ് നേടിയ ഡുമിനിയാണ് ടോപ് സ്‌കോറര്‍. ജോങ്കര്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് അടിച്ചെടുത്തു. ഏഴ് റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിനെ ധവാന്റെ കൈകളില്‍ ഒതുക്കി ഭുവനേശ്വര്‍ കുമാറാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ഡേവിഡ് മില്ലര്‍ 24 റണ്‍സെടുത്തു. ജോങ്കര്‍ അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ വിജയത്തില്‍ നിന്ന് അകറ്റാന്‍ സാധിച്ചില്ല. ഭുവനേശ്വറിന്റെ പന്തില്‍ ജോങ്കറെ രോഹിത് പിടിച്ച് പുറത്താക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 165 റണ്‍സിലൊതുങ്ങിയതോടെ ഇന്ത്യ ഏഴ് റണ്‍സ് വിജയത്തിനൊപ്പം പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ രണ്ടും, ബുംറ, ശര്‍ദുള്‍ താക്കൂര്‍, ഹാര്‍ദ്ദിക്, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരം.

DONT MISS
Top