മധുവിന്റെ മരണത്തില്‍ പ്രതീകാത്മക പ്രതിഷേധം നടത്തിയ കുമ്മനത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; കൈകള്‍ കെട്ടി ചിത്രം പോസ്റ്റ് ചെയ്തത് റിഹേഴ്‌സല്‍ നടത്തിയ ശേഷം

അട്ടപ്പാടിയിലെ ആദിവാസിയായ മധുവിന്റെ മരണത്തില്‍ വേറിട്ട പ്രതിഷേധമെന്ന പേരില്‍ കൈകള്‍ കൂട്ടിക്കെട്ടി സോഷ്യല്‍മീഡിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ പൊങ്കാല. മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന് പിന്തുണ അര്‍പ്പിക്കാനെന്ന പേരില്‍ കുമ്മനം നടത്തിയ ഫോട്ടോ പ്രദര്‍ശനം മനസാക്ഷിയില്ലാത്ത പ്രവൃത്തിയായിപ്പോയെന്ന് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നു.

മധു ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്താണ് ആളുകള്‍ അയാളുടെ കൈകള്‍ കൂട്ടിക്കെട്ടിയിരുന്നത്. ബന്ധനസ്ഥനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കൈകള്‍ കെട്ടപ്പെട്ട മധുവിന്റെ അവസ്ഥ അനുകരിച്ചാണ് കുമ്മനം സ്വന്തം കൈകള്‍ കെട്ടി ഫോട്ടോ ഇട്ടത്.

ഐസപ്പോട്ട്‌കേരളആദീവാസീസ് എന്ന ഹാഷ്ടാഗ് നല്‍കിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്റിനു താഴെ ട്രോള്‍പെരുമഴ തീര്‍ത്താണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്.

കുമ്മനത്തിനെ കുമ്മനം തന്നെ ട്രോളും അതിനൊരു തെണ്ടിയുടേയും സഹായം വേണ്ടെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇത് ഫാന്‍സി ഡ്രസ് മത്സരമാണോ എന്നും ഈ ഫോട്ടോ വാഴത്തോട്ടത്തില്‍ ഫഌക്‌സ് അടിച്ച് വെച്ചാല്‍ പന്നിശല്യം ഉണ്ടാകില്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

ഫോട്ടോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയിത്. മധുവിനെ ഇങ്ങനെ അപമാനിക്കരുതെന്നും, കുറച്ചുകൂടി പക്വത കാണിക്കൂ എന്നും മികച്ച നടനുള്ള അവാര്‍ഡ് കിട്ടുമെന്നുമൊക്കെ ആളുകള്‍ കമന്റ് ചെയ്തു.

ഫോട്ടോ കണ്ടപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ ആളുകള്‍ക്ക് മുന്നിലേക്ക് പിന്നീട് ഫോട്ടോയുടെ പിന്നാമ്പുറത്തെക്കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങളെത്തി. കുമ്മനം കൈകള്‍ കെട്ടിനില്‍ക്കുന്ന വിവിധ ഫോട്ടോകളാണ് പുറത്തുവന്നത്. പലതരത്തില്‍ ഫോട്ടോകളെടുത്ത ശേഷം ഏതാണ് കൂടുതല്‍ നല്ലത് എന്ന് നോക്കി അത് പോസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതീകാത്മക പ്രതിഷേധം എന്ന പേരില്‍ ഇത്തരം വേഷം കെട്ടലുകള്‍ നടത്തരുതെന്ന് ആളുകള്‍ പ്രതികരിച്ചു. ഇത്തരം ആക്ഷേപ ഹാസ്യപ്രകടനങ്ങളെ എന്തുചെയ്യണമെന്നും പലരും സഹതപിച്ചു. ദുര്‍ബലരായ ഒരു വിഭാഗത്തിന്റെ സങ്കടത്തേയും നിസ്സഹായവസ്ഥയെയും വാര്‍ത്താപ്രാധാന്യത്തിനായി ഇങ്ങനെ ആഘോഷമാക്കുന്നവരാണ് കൊലപാതകികളെക്കാള്‍ കഷ്ടമെന്നും പലരും സോഷ്യല്‍മീഡിയയില്‍ കമന്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകളില്‍ ചിലത്:

DONT MISS
Top