ചെന്നൈയിനെതിരെ ഗോള്‍രഹിത സമനില; ബ്ലാസ്‌റ്റേഴ്‌സ് പുറത്തേക്ക്

പ്രതീകാത്മക ചിത്രം

കൊച്ചി: വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു. നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളത്തിന് സമനില. ഇതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. പാഴാക്കിയ അവസരങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുകയല്ലാതെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് മറ്റ് വഴികളില്ല.

ഐഎസ്എല്‍ നാലാം സീസണിന്റെ സെമിഫൈനലിലേക്ക് മുന്നേറാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും സഹായിക്കില്ലെന്നിരിക്കെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നിരവധി അവസരങ്ങളാണ് ഇന്ന് പാഴാക്കിയത്. സികെ വിനീത്, പെക്കൂസണ്‍, ഗുഡ്‌ജോണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ക്കൊന്നും അവസരം മുതലെടുക്കാനായില്ല. 51-ാം മിനുട്ടില്‍ ഗുഡ്‌ജോണ്‍സണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വിട്ടുകളഞ്ഞ പെക്കൂസണിന്റെ പ്രകടനമാണ് അതില്‍ പ്രധാനം. തീര്‍ത്തും ദുര്‍ബലമായിരുന്നു ഷോട്ട്. ചൈന്നൈയിന്‍ ഗോളി കരണ്‍ജിത് സിംഗിന് ഒട്ടും വെല്ലുവിളി ഉയര്‍ത്താന്‍ പെക്കൂസണായില്ല. ഒരുപക്ഷെ ഹ്യൂമുണ്ടായിരുന്നെങ്കില്‍ കളിയുടെ ഗതിതന്നെ മറ്റൊന്നാകുമായിരുന്നു.

റീബൗണ്ട് പിടിച്ചെടുക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരാജയപ്പെട്ടതാണ് പല സുവര്‍ണാവസരങ്ങളും നഷ്ടപ്പെടാന്‍ കാരണമായത്. സികെ വിനീതിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചതും തിരിച്ചടിയായി. ഗുഡ്‌ജോണ്‍ അധ്വാനിച്ച് കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ ആയില്ല. ആദ്യനാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ സമനില മാത്രം മതിയായിരുന്ന ചെന്നൈയിന്‍ അതിനൊത്ത് തന്നെയാണ് കളിച്ചതും. കേരളത്തിനായി വെസ് ബ്രൗണ്‍ പ്രതിരോധത്തില്‍ മുന്നിട്ടുനിന്നു.

കരുത്തരായ ബംഗളൂരുവുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. അത്രതന്നെ മത്സരങ്ങളില്‍ നിന്ന് 29 പോയിന്റ് നേടിയ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തെത്തി. 16 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ബംഗളുരു ഒന്നാമതും 29 പോയിന്റുമായി പൂനെ രണ്ടാം സ്ഥാനത്തുമുണ്ട്. ഇരുടീമും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

DONT MISS
Top