100 രാജ്യങ്ങളിൽ 4.4 കോടി വൈഫൈ ഹോട്ട്സ്പോട്ടുകളുമായി ബിഎസ്എന്‍എല്‍

ഫയല്‍ ചിത്രം

മറ്റ് ടെലകോം ദാതാക്കളുടെ മത്സര നീക്കത്തില്‍ പിന്നിലാകാതിരിക്കാന്‍ പുതിയ നീക്കവുമായി ബിഎസ്എന്‍എല്‍. രാജ്യാന്തരതലത്തിലേക്കും വൈഫൈ സേവനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്. ഇതിനായി നൂറ് രാജ്യങ്ങളില്‍ 4.4 കോടി വൈഫൈ ഹോസ്‌പോട്ടുകളുടെ സേവനം ലഭ്യമാക്കുന്ന വൈഫൈ പ്ലസ് എന്ന പദ്ധതി ബിഎസ്എന്‍എല്‍ ആരംഭിച്ചു. പൊതു സ്ഥലങ്ങള്‍, അന്താരാഷ്ട്ര വിമാനങ്ങള്‍, റെയില്‍ സംവിധാനം എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്സ്പോട്ടുകള്‍ ഉപയോഗപ്പെടുത്താം.

ബിഎസ്എന്‍എലിന്റെ ‘മൈ ബിഎസ്എന്‍എല്‍’ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക. ഈ സേവനം ലഭ്യമാകണമെങ്കില്‍ ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. വിവിധ രാജ്യങ്ങളിലും വന്‍കരകളിലും ഈ സേവനം ലഭ്യമാവും. മൂന്ന് താരിഫ് പ്ലാനുകള്‍ക്ക് കീഴിലാണ് വൈഫൈ പ്ലസ് സേവനം ലഭ്യമാവുക. 999 രൂപയ്ക്ക് ഏഴ് ദിവസത്തേക്കും 1599 രൂപയ്ക്ക് 15 ദിവസത്തേക്കും 1999 രൂപയ്ക്ക് ഒരു മാസത്തേക്കും അന്താരാഷ്ട്ര വൈഫൈ പ്ലസ് ഉപയോഗിക്കാം. ആക്ടിവേഷൻ ചെയ്ത തീയതി മുതൽ പ്ലാനിന്റെ സാധുത ആരംഭിക്കുന്നു. ഓരോ രാജ്യത്തും വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നത് കണ്ടെത്താൻ ഹോട്ട്സ്പോട്ട് ഫൈൻഡർ (https://wifilookup.com/) എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം.

ഈ സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കൾ ഒന്നിലധികം പാസ്‌വേഡ് ഓർമ്മിക്കേണ്ടതില്ല, പകരം ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയ ആപ്പുകള്‍ വഴി ബിഎസ്എന്‍എല്ലുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ടെലികോം കമ്പനികളുടെ ഹോട്ട്സ്പോട്ടിലേക്ക് ഓട്ടോമാറ്റിക്കായി കണക്ട് ആകുന്നതാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും സ്പീഡിന്റെ കാര്യത്തില്‍ ബിഎസ്എന്‍എല്‍ ഗാരന്റി നല്‍കുന്നില്ല. ഓരോ ഹോട്ട്സ്പോട്ടിലും വേഗതയില്‍ മാറ്റമുണ്ടാകുമെന്ന്‍ കമ്പനി പറയുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ മൊബൈല്‍ ഓപ്പറേറ്റര്‍ വൈഫൈ സേവന രംഗത്ത് ഇത്രയും വലിയൊരു ചുവടുവെപ്പ് നടത്തുന്നതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍കെ മിത്തല്‍ പറഞ്ഞു.

DONT MISS
Top