4 ജിയുടെ വേഗതയില്‍ ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്; പാകിസ്താന്‍ പോലും ഇന്ത്യയേക്കാള്‍ മുന്നില്‍

പ്രതീകാത്മക ചിത്രം

മുംബൈ: 4 ജി സേവന ദാതാക്കളും നെറ്റ് വര്‍ക്കും വളരെ സജീവമാണെങ്കിലും ഇന്ത്യയില്‍ 4 ജിയുടെ വേഗത മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. കാര്യക്ഷമതയുള്ള 4 ജി സേവനങ്ങളെക്കുറിച്ച് മൊബൈല്‍ അനലറ്റിക്‌സ് കമ്പനിയായ ഓപ്പണ്‍ സിഗ്നല്‍ 88 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്.

4 ജിയുടെ ഇന്ത്യയിലെ ശരാശരി വേഗം ആറ് എംബിപിഎസ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്ന അല്‍ജീരിയയില്‍ 9 എംബിപിഎസ് വേഗം 4 ജിക്ക് ലഭിക്കുന്നു. 4 ജി വേഗതയുടെ കാര്യത്തില്‍ അയല്‍രാജ്യമായ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. 14 എംബിപിഎസ് സ്പീഡ് ഇവിടെ 4 ജിക്കുണ്ട്.

വേഗതയുടെ കാര്യത്തില്‍ സിംഗപ്പൂരാണ് ലോകത്തില്‍ ഏറ്റവും മുന്‍പില്‍. 44 എംബിപിഎസാണ് ഇവിടെ 4 ജിയുടെ വേഗം. 42 എംബിപിഎസ് വേഗതയുമായി നെതര്‍ലന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. നോര്‍വേ (41 എംബിപിഎസ്), ദക്ഷിണ കൊറിയ (40 എംബിപിഎസ്), ഹംഗറി (39 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.

28 എംബിപിഎസ് വേഗവുമായി യുഎഇയും 25 എംബിപിഎസ് വേഗമുള്ള 4 ജി സേവനം നല്‍കുന്ന ജപ്പാനും യഥാക്രമം 23, 16, 15 എംബിപിഎസ് വേഗതയുമായി യുകെയും അമേരിക്കയും റഷ്യയും പട്ടികയില്‍ ഇടംപിടിച്ചു.

3 ജിയുടെ വേഗത്തേക്കാള്‍ അധികം വേഗത നല്‍കാന്‍ കഴിയുന്ന നെറ്റ്‌വര്‍ക്കുകളുടെ അഭാവമാണ് ഇന്ത്യയുടെ എംബിപിഎസ് കുറഞ്ഞുനില്‍ക്കാന്‍ കാരണമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

DONT MISS
Top