കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ ആള്‍ ആത്മഹത്യക്ക് ശ്രമിച്ചു

വര്‍ഗീസ് ആശുപത്രിയില്‍

കോട്ടയം: കോട്ടയം കലക്ട്രേറ്റില്‍ പരാതിയുമായെത്തിയ വൃദ്ധന്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഏറത്ത് വീട്ടില്‍ വര്‍ഗീസ് (71) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തു.

സ്വകാര്യബസിലെ മുന്‍ ജീവനക്കാരനാണ് വര്‍ഗീസ്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള കുടിശിക രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കലക്ടറെ നേരില്‍കണ്ട് പരാതി പറയാന്‍ വര്‍ഗീസ് ശ്രമിച്ചത്. എന്നാല്‍ ഇതിനുള്ള ശ്രമം സുരക്ഷ ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് വര്‍ഗീസ് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

20 വര്‍ഷം കോട്ടയം -കോരുത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരനായിരുന്ന വര്‍ഗീസ് 1996 ല്‍ സര്‍വീസ് നിന്ന് വിരമിച്ചു. അന്നുവരെ അടച്ച ക്ഷേമനിധി തുകയായ 96,000 രൂപക്കുപകരം 36,000 മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് വര്‍ഗീസിന്റെ പരാതി. ബാക്കി തുക ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വര്‍ഷമായി ക്ഷേമനിധി ഓഫിസിലും കലക്ട്രേറ്റിലും കയറിയിറങ്ങിയിട്ടും തുക ലഭിച്ചില്ല. തുടര്‍ന്നാണ് കലക്ടറെ നേരില്‍ കണ്ട് പരാതി പറയാന്‍ ശ്രമിച്ചതും ഇതിന് നടക്കാതെ വന്നതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതുമെന്ന് വര്‍ഗീസ് പറഞ്ഞു.

DONT MISS
Top