കാസര്‍ഗോട്ട് റിട്ടയേര്‍ഡ് അധ്യാപിക ജാനകി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബഹ്‌റിനില്‍ പിടിയില്‍

അരുണ്‍കുമാര്‍

മനാമ: കാസര്‍ഗോഡ് ചീമേനി പുലിയന്നൂരില്‍ റിട്ടയേഡ് അധ്യാപിക ജാനകിയെ വധിക്കുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മുഖ്യആസൂത്രധാരനും കേസിലെ മൂന്നാം പ്രതിയുമായ ചീര്‍ക്കുളം മക്ലിക്കോട് ഹൗസില്‍ അരുണ്‍കുമാറിനെ (അരുണ്‍- 26) ബഹ്‌റിനില്‍ പിടികൂടി. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് അരുണിനെ പിടികൂടിയത്.

ഈ കേസില്‍ കഴിഞ്ഞദിവസം ജാനകിയുടെ അയല്‍വാസികളായ റിനേഷ്, വിശാഖ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. മുഖ്യ ആസൂത്രകന്‍ അരുണ്‍ ഇതിനിടെ വിദേശത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ പൊലീസ് പ്രവാസി മലയാളികളുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് അരുണ്‍കുമാറിനെ കുടുക്കിയത്. ഇയാളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പൊലിസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘം
രൂപീകരിച്ചിരുന്നു.

ബഹ്‌റൈനില്‍ ചീമേനി സ്വദേശികള്‍ നടത്തുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായ അരുണ്‍ നവംബര്‍ നാലിനാണ് മൂന്നുമാസത്തെ ലീവിന് നാട്ടിലേക്ക് പോയത്. ഇതിനിടെയാണ് നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ജാനകിയുടെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചതും ഇതിനെ കൊലപാതകം നടന്നതും. കൊലക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഫെബ്രുവരി നാലിന് മൂന്നുമാസത്തെ അവധിക്ക് ശേഷം അരുണ്‍ ജോലി സ്ഥലത്ത് മടങ്ങിയെത്തി.

ഇതിനിടെയാണ് കഴിഞ്ഞദിവസം അരുണിന്റെ സുഹൃത്തുക്കളെ കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നതും അരുണിന്റെ പങ്ക് വ്യക്തമാക്കുന്നതും. കേരള പൊലീസ് ബഹ്‌റിനിലെ മലയാളി പ്രവാസി നേതാക്കളെ ബന്ധപ്പെടുകയും ഇവര്‍ അരുണ്‍ ജോലി ചെയ്യുന്ന സ്ഥാപത്തില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകളും സഹപ്രവര്‍ത്തകരും വിവരം അരുണിനോട് പറയുകയും കേസില്‍ കേരള പൊലീസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. താന്‍ കീഴടങ്ങാന്‍ തയാറാണെന്ന് അരുണ്‍ ഉടന്‍തന്നെ അറിയിച്ചുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പ്രവാസി കമ്മീഷന്‍ അംഗവും അരുണിനെ പിടികൂടാന്‍ കേരള പൊലീസ് സഹായം തേടുകയും ചെയ്ത സുബൈര്‍ കണ്ണൂരിനും അരുണിനൊപ്പം ജോലി ചെയ്യുന്ന മാതൃസഹോദരി പുത്രനും കൂടി ഇയാളുമായി വൈകുന്നേരത്തോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ജാനകി, കഴിഞ്ഞദിവസം പിടിയിലായ റിനേഷ്, വിശാഖ്

ഇതിനിടെ, ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ വിശാഖ്, റെനീഷ് എന്നിവരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ 13 നാണ് റിട്ട അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ടത്. കവര്‍ച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. കവര്‍ച്ചയ്ക്കാണ് പ്രതികള്‍ വൃദ്ധദമ്പതികളുടെ വീട്ടിലെത്തിയത്. ഇതിനിടെ ജാനകി അയല്‍വാസികളായ പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

DONT MISS
Top