കാട്ടാനകള്‍ക്ക് വെള്ളം കുടിക്കാന്‍ വനത്തിനുള്ളില്‍ കുളങ്ങള്‍ കുഴിക്കുന്നു

ഫയല്‍ ചിത്രം

കാട്ടാനകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനായി വനത്തിനുള്ളില്‍ ചെറുകുളങ്ങള്‍ കുഴിക്കാനുള്ള പദ്ധതിയുമായി അധികൃതര്‍. കോടനാട്,തുണ്ടംകുഴി, കുട്ടന്‍പുഴ ഫോറസ്റ്റ് റെയ്ഞ്ചുകളിലാണ് ഈ പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്. തുണ്ടം,കരിമ്പാനി വനത്തിലൂടെയുള്ള കനാല്‍ മൂലം ആനത്താരികള്‍ അടഞ്ഞതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിദഗ്ധ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വനത്തിനുള്ളില്‍ കുടിവെള്ളം കിട്ടാനില്ലാത്തത് മൂലമാണ് ആനകള്‍ കുടിവെള്ളം തേടി നാട്ടിലിറങ്ങുന്നതെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് വനത്തിനുള്ളില്‍ ചെറുകുളങ്ങള്‍ നിര്‍മിക്കാനുള്ള നീക്കവുമായി വനംവകുപ്പ് എത്തിയിരിക്കുന്നത്. തുണ്ടം, കരിമ്പാനി വനങ്ങളെ കീറിമുറിച്ച് ഇടമലയാര്‍വാലി കനാല്‍ നിര്‍മിച്ചതുമൂലം ആനത്താരികള്‍ തടസപ്പെട്ടത് ഈ വനങ്ങളിലെ ആനകളുടെ ജീവിതക്രമത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലമാണ് സമീപപ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് കാട്ടിനുള്ളില്‍ ആനകള്‍ക്ക് ചെറുകുളങ്ങളെന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടത്.

കനാലുകള്‍ക്ക് കുറുകെ പാലങ്ങളോ ടണലോ നിര്‍മിച്ച് ആനത്താരികള്‍ പുനസ്ഥാപിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ എ രഞ്ചന്‍ അറിയിച്ചു.

DONT MISS
Top