വഴിപാടാകുമോ സമ്മേളനം? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത സംസ്ഥാന സമ്മേളനത്തിനാണ് ഇത്തവണയും പാര്‍ട്ടി സാക്ഷ്യം വഹിക്കുന്നത്. ചങ്കില്‍ കത്തിമുന തറച്ച് സഖാവ് അഴിക്കോടന്‍ രാഘവന്‍ പിടഞ്ഞുവീണ ശക്തന്റെ മണ്ണാണ് ഇത്തവണ സമ്മേളനത്തിന് സാക്ഷിയാകുന്നത്. 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ നിന്നുയര്‍ന്നുവന്ന ദീപശിഖയില്‍ നിന്ന് പകര്‍ന്ന ജ്വാലയാണ് സമ്മേളനനഗരിയില്‍ അഞ്ചുദിവസം ഇനി നീളുന്നത്.

രക്തസാക്ഷികളുടെ നീണ്ട പട്ടിക ചൂണ്ടിക്കാട്ടി കൊലകളെ പരസ്പരം ന്യായീകരിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കാര്‍ വെട്ടിയെരിഞ്ഞ ഒരു യുവാവിന്റെ ചോരമണം സമ്മേളനനഗരിയില്‍ വീശിയടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ആ യുവാവിന്റെ കൊലപാതകത്തില്‍നിന്നും പാര്‍ട്ടിയ്‌ക്കോ നേതൃത്വത്തിനോ രക്ഷപ്പെടാനാകില്ല.

രക്തസാക്ഷികളുടെ കണക്കോ, ന്യായീകരണതൊഴിലാളികളുടെ വാദങ്ങളോ ആ കൊലപാതകത്തിന്റെ കറ പാര്‍ട്ടിയില്‍ നിന്നും മാറ്റില്ല. പാര്‍ട്ടിയ്ക്ക് വേണ്ടി കൊല്ലുകയും ചാവുകയും ചെയ്യുന്ന പ്രാകൃത രീതിയില്‍ നിന്നും പ്രവര്‍ത്തകരും നേതൃത്വവും മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മറ്റൊരുത്തന്റെ ചോരകൊണ്ട് തന്റെ പാര്‍ട്ടിയെ കെട്ടിപടുക്കാമെന്ന രീതിയില്‍ നിന്നും പാര്‍ട്ടി രക്ഷപ്പെടുമോ എന്നൊരു ചോദ്യം സമ്മേളന വേദിയില്‍ ആരെങ്കിലും ഉന്നയിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. സ്വയം വിമര്‍ശനം തങ്ങളുടെ പതിവാണെന്ന് നേതാക്കള്‍ വാചകമടിക്കുമ്പോഴും പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എന്തുകൊണ്ടോ അണികള്‍ മുതിരുന്നില്ല എന്നത് ഇന്നും ഇടത്പക്ഷത്തിന്റെ പോരായ്മ തന്നെയാണ്.

അഥവാ ഇവ മറികടന്ന പ്രതികരിക്കുന്നവര്‍ പിന്നെ ഇടത് വിരോധികളും കുലംകുത്തികളുമായിരിക്കും. കൊലകളിലൂടെ തങ്ങള്‍ ചെയ്യുന്നത് മഹത്തായ വിപ്ലവ പ്രവര്‍ത്തനം കൂടിയാണ് എന്ന് പറയാതെ പറയുന്നുണ്ട് വാചകകസര്‍ത്ത് നടത്തുന്ന സൈബര്‍ സഖാക്കള്‍.

പൂര്‍ണമായി ആക്രമണത്തെ തള്ളികളയാനോ തള്ളിപറയാനോ ഉള്ള രാഷ്ട്രീയ സത്യസന്ധത സിപിഐഎമ്മിന് ഇല്ലെന്ന് വേണം പറയാന്‍ കാരണം പലപ്പോഴും അതിന്റെ രാഷ്ട്രീയം കൈയൂക്കിന്റേതാണ്. പിണറായി വിജയനെ പോലുള്ള ശക്തനായ നേതാക്കള്‍ മുഖ്യമന്ത്രി പദത്തിലെത്തിയിട്ടുപോലും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിയുടെ പേര് ഇന്നും മുന്നിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

കെഎം മാണിയുമായുള്ള രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഇത്തവണത്തെ സമ്മേളനത്തില്‍നിന്നും പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ എക്കാലവും കലാപമുയര്‍ത്തുന്ന വിഎസ് തന്നെ ഇത്തവണയും എതിര്‍ വാദങ്ങളുമായി പാര്‍ട്ടിയ്ക്ക് പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ കൊണ്ടുവരുന്നത് ഇടത് നയത്തിന് വിരുദ്ധമാണെന്നാണ് വിഎസിന്റെ പക്ഷം.

മാണിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളന നഗരിയില്‍ പൊടിപൊടിക്കുമ്പോഴാണ് വിഎസ് നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്. കോഴ മാണിയില്‍നിന്നും മാണിസാറിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് നേരത്തെ തന്നെ ഇടത്പക്ഷം പറയാതെ പറഞ്ഞിട്ടുള്ളതാണ്. ബാര്‍ കോഴ കേസിലും ബജറ്റ് അവതരണത്തിലും മാണിക്കെതിരെ എടുത്ത പ്രതിഷേധ സ്വരങ്ങള്‍ മറക്കരുതെന്നും നേതാക്കളെ വിഎസ് ഓര്‍മപ്പെടുത്തുന്നുണ്ട്.

പിണറായിയും കോടിയേരിയും കോഴ മാണിയെ മറന്നാലും രാഷ്ട്രീയ കേരളം മറക്കില്ല. ആലപ്പുഴ സമ്മേളനം ബഹിഷ്‌കരിച്ച് വിവാദമുണ്ടാക്കിയ വിഎസ് തൃശൂര്‍ സമ്മേളനത്തിലും തന്റെ സാനിധ്യം നേതാക്കളെ അറിയിച്ചിരിക്കുകയാണ്. കേരളത്തില്‍ മാണി ബന്ധമാണെങ്കില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബന്ധമായിരിക്കും സമ്മേനത്തിന്റെ അടുത്ത വെല്ലുവിളി. കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച അവസാനിച്ചിട്ടില്ലെന്നാണ് സീതാറാം യെച്ചൂരി നല്‍കുന്ന സൂചന.

മതേതരശക്തികളുമായി കൂട്ടുപിടിച്ച് മുന്നോട്ട് പോകണമെന്ന് വിഎസും ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. ബിജെപിയും ആര്‍എസ്എസുമാണ് തങ്ങളുടെ മുഖ്യ ശത്രുക്കളെന്ന് യെച്ചൂരി ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള ഇടതിന്റെ സഖ്യം വിദൂരമല്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

സമ്മേളനത്തില്‍ ഒരു പരിധി വരെ ആശ്വാസം സഖാവ് കോടിയേരിയ്ക്കാണ്. സാമ്പത്തിക ഇടപാടിന്റെ പേരില്‍ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംസ്ഥാനസമ്മേളന വേദിയിലെത്തുന്നത്. അണികള്‍ കൊല്ലാനും ചാവാനും മുതിരുമ്പോള്‍ നേതാക്കളുടെ മക്കള്‍ പാര്‍ട്ടി പ്രത്യയശാസ്ത്രത്തിന് വിരുദ്ദമായി കോടികള്‍ സമ്പാദിക്കുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. മക്കള്‍ക്കെതിരായ ദുബായിയിലെ കേസുകള്‍ ഒത്തുതീര്‍ന്നത് ഒരു പരിധിവരെ കോടിയേരിയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.

വിഎസിന്റെ പിണങ്ങിപോക്കിലൂടെയാണ് ആലപ്പുഴ സമ്മേളനം സംഭവബഹുലമായതെങ്കില്‍ തൃശൂരില്‍ നടക്കുന്ന സമ്മേളനം ശ്രദ്ദേയമാവുക കേരള കോണ്‍ഗ്രസ് എംനോടുള്ള സഖ്യത്തിന്റെ പേരിലും മുഖ്യ ഘടകക്ഷിയായ സിപിഐയോടുള്ള സമീപനത്തിന്റെ പേരിലുമായിരിക്കും. മാണിയും കോണ്‍ഗ്രസും ചര്‍ച്ചയാകുമ്പോഴും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ മറന്നു സമ്മേളനത്തിന് മുന്നോട്ടുപോകാനാകില്ല. ദേശീയ തലത്തില്‍ സിപിഐഎമ്മിന്റെ ഭാവിരാഷ്ട്രീയത്തെ അത് പ്രതികൂലമായി ബാധിച്ചെന്ന് വരും. സംസ്ഥാന സമ്മേളനം ചോരക്കറയില്‍ തകരുന്നത് സിപിഐഎമ്മിനുണ്ടാക്കുന്ന ക്ഷീണം വലുതാണ്.

DONT MISS
Top