അര്‍ത്തുങ്കല്‍ പള്ളിക്കെതിരായ പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ടിജി മോഹന്‍ദാസ്‌

കൊച്ചി: അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ അത് വര്‍ഗീയകലാപത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കമാല്‍ പാഷ ഹര്‍ജി തള്ളിയത്.

അര്‍ത്തുങ്കല്‍ പള്ളി നില്‍ക്കുന്ന സ്ഥലത്ത് പണ്ട് ശിവക്ഷേത്രമായിരുന്നെന്നും അത് ക്രിസ്ത്യാനികള്‍ പള്ളിയാക്കി മാറ്റുകയായിരുന്നു എന്നുമായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രസ്താവന. ഇതിനെതിരെ എഐവൈഎഫ് നേതാവ് ജിസ്‌മോനാണ് പരാതി നല്‍കിയത്. പ്രസ്താവന വര്‍ഗീയകലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഈ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിയില്‍ അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

‘അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നു. അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടത്’ ഇങ്ങനെയായിരുന്നു ടിജി മോഹന്‍ദാസ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഇതിനെതിരെ വന്‍പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഐഐവൈഎഫ് നേതാവ് ജിസ്‌മോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

DONT MISS
Top