ആര്‍ത്തവത്തെക്കുറിച്ച് കുറിച്ച് ആര്‍എസ്എസ് ഭീഷണിക്കിരയായ നവമിയുടെ അനുജത്തിക്കുനേരെ ആക്രമണം; ബൈക്കിലെത്തി ഇടിച്ച് നിലത്തുവീഴ്ത്തിയതിന് ശേഷവും മര്‍ദ്ദനം

മര്‍ദ്ദനമേറ്റ ലക്ഷ്മി ആശുപത്രിക്കിടക്കയില്‍; നവമിക്കുനേരെനടന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണം

ആര്‍ത്തവത്തേക്കുറിച്ചുള്ള സ്വന്തം നിലപാട് തുറന്നുപറഞ്ഞതിന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിക്കും അപവാദ പ്രചരണത്തിനും ഇരയായ ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നവമി ബാലചന്ദ്രന്റെ അനുജത്തി ലക്ഷ്മിയെ ബൈക്കിലെത്തി ആക്രമിച്ചു. നേരത്ത ഈ കുട്ടിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

പാല് വാങ്ങാന്‍ അടുത്ത വീട്ടില്‍ പോയ ലക്ഷ്മിയെ ബൈക്കില്‍ അക്രമികള്‍ പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ബൈക്ക് തട്ടി നിലത്തുവീണശേഷം ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി.

ഇത് ചെയ്തത് ആര്‍എസ്എസ് ആണെന്നതില്‍ സംശയമില്ലെന്നും ഇത്തരം ആക്രമണം കൊണ്ട് ഭയപ്പെടുത്തി പുരയ്ക്കുള്ളില്‍ തളച്ചിടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വെറുതെയാണെന്നും നവമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ നിങ്ങളുടെ ആക്രമണം തുടര്‍ന്നോളൂ, പക്ഷേ അതു കണ്ട് പേടിക്കുമെന്നു കരുതണ്ടെന്നും നവമി പറയുന്നു.

ആര്‍ത്തവത്തേക്കുറിച്ചുളള സ്വന്തം നിലപാട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട നവമിക്കുനേരെയുണ്ടായ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ തെറിയഭിഷേകവും അസഭ്യപ്രചരണവും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷ്മിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി.

ആര്‍എസ്എസ് ബിജെപി ഗ്രൂപ്പുകളിലാണ് ഫോട്ടോഷോപ്പ്അപവാദ പ്രചരണങ്ങള്‍ അരങ്ങേറിയത്. നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയതെന്ന വാര്‍ത്തയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്. പിന്നീട് അസഭ്യ വര്‍ഷവം അരങ്ങേറി.

പിന്നീടാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ലക്ഷ്മിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്നായിരുന്നു ഭീഷണി.

ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം ആര്‍ത്തവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ചാണ് നവമി ഫെയ്‌സ്ബുക്ക് കുറിപ്പിട്ടത്. ഇതിനെതിരെയും സൈബര്‍ അക്രമികള്‍ രംഗത്തെത്തുകയായിരുന്നു.

വ്യാപകമായ വിമര്‍ശനമാണ് ഇതില്‍ സോഷ്യല്‍ മീഡിയയില്‍നിന്നുണ്ടാകുന്നത്. ആര്‍എസ്എസ് അതിക്രമത്തെ അപലപിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. നവമിയും ആര്‍എസ്എസ് അതിക്രമത്തെ സൂചിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നീട് ലക്ഷ്മിക്കുനേരെയും അക്രമമുണ്ടായ സാഹചര്യത്തിലാണ് ഇതുകൊണ്ടൊന്നും പുരയ്ക്കുള്ളില്‍ തളച്ചിടാമെന്ന് വിചാരിക്കേണ്ട എന്ന നിലപാട് വ്യക്തമാക്കി നവമി രംഗത്തെത്തിയത്.

നവമിയുടെ കുറിപ്പ് താഴെ വായിക്കാം.

DONT MISS
Top