ചെറുനാരങ്ങയെ അത്രയ്ക്കങ്ങ് ചെറുതായി കാണണ്ട; രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും സൗന്ദര്യ സംരക്ഷകനും കൂടിയാണ് ഈ കുഞ്ഞന്‍ നാരങ്ങ

മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാലുള്ള സുഖം പറഞ്ഞറിയിക്കാനാകില്ലല്ലോ. ചെറുനാരങ്ങയുടെ ഗുണങ്ങളും അങ്ങനെയാണ,് പറഞ്ഞാല്‍ തീരില്ല.

പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക് എന്നീ മൂലകങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സ് കൂടിയായ നാരങ്ങ സ്‌ട്രോക്കും ക്യാന്‍സറും വരെയുള്ള അസുഖങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെറുനാരങ്ങയ്ക്ക് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ കഴിവുണ്ട്. ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കാനുള്ള കഴിവുള്ളത്‌കൊണ്ടുതന്നെയാണ് നാരങ്ങയ്ക്ക് ക്യാന്‍സറിനെപ്പോലും പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുന്നത്.

അതുപോലെ സ്‌ട്രോക്കിനുള്ള കാരണങ്ങള്‍ എന്ത്തന്നെയായാലും നാരങ്ങയിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. പതിവായി നാരങ്ങാനീര് കഴിക്കുന്നവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യതകള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഈ അറിവിനെ അംഗീകരിക്കുന്നത്.

ഉയര്‍ന്ന ബിപി കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും ദഹനക്കേടും മലബന്ധവും അകറ്റാനുമൊക്കെ നാരങ്ങ ഉത്തമമെന്നുതന്നെയാണ് പറയപ്പെടുന്നത്. രോഗങ്ങള്‍ക്കെല്ലാമുള്ള പ്രതിവിധിയെന്നല്ല മറിച്ച് ഒരു പരിധിയോളം രോഗങ്ങളെ തടയാന്‍ കുഞ്ഞന്‍ നാരങ്ങയിലടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറഞ്ഞുവെക്കുന്നത്.

ദിവസവും നാരങ്ങവെള്ളം കുടിക്കുന്നത് മോശമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നതില്‍ സംശയമില്ല. അതിരാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞുകഴിക്കുന്നത് ശീലമാക്കിയാല്‍ അമിതവണ്ണം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് പറയുന്നത്. എന്നുകരുതി നാരങ്ങാനീര് മാത്രം കുടിച്ച് ഭക്ഷണം നിയന്ത്രിക്കാതിരിക്കുകയും വ്യായാമങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യണമെന്നല്ല പറഞ്ഞത്.

വായ്‌നാറ്റം അകറ്റാന്‍ പല വഴികളും പയറ്റി പരാജയപ്പെടുന്നവരാണധികവും. ചൂടുവെള്ളത്തില്‍ നാരങ്ങാനീരും സമം ഉപ്പും ചേര്‍ത്ത് വായില്‍ക്കൊള്ളുന്നത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. നാരങ്ങാനീരിന് വായിലെ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഉപയോഗിച്ചറിഞ്ഞവര്‍ പറയുന്നു.

ചെറുനാരങ്ങ വൃത്താകൃതിയില്‍ മുറിച്ച് മുഖത്ത് അല്‍പനേരം സ്‌ക്രബ്ബ് ചെയ്യുന്നത് മുഖത്തിന് മിനുസമുണ്ടാകാനും മുഖക്കുരുവില്‍ നിന്ന് രക്ഷ നേടാനും സഹായകമാകും. വിറ്റാമിന്‍ സി ആവശ്യാനുസരണം ഉള്ളതിനാല്‍ ചര്‍മ്മത്തിന് നാരങ്ങാനീര് നല്ലതാണ്.

രോഗങ്ങള്‍ക്കും അമിത വണ്ണത്തിനും പിന്നെ സൗന്ദര്യത്തിനും മാത്രമല്ല വേറെ ചില കാര്യങ്ങള്‍ക്കും നാരങ്ങ ഉപാധിയാണ്. ഒരു ചെറുനാരങ്ങ മുറിച്ച് അതില്‍ അല്‍പം ഗ്രാമ്പൂ ഇട്ടുവെച്ചാല്‍ ഈച്ചകളെ തുരത്തുകയും ചെയ്യാം.

DONT MISS
Top