കോഴിയിറച്ചിക്ക് വന്‍ക്ഷാമം; കെഎഫ്‌സി റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

ഫയല്‍ ചിത്രം

ലണ്ടൻ: ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സി യുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. കോഴിയിറച്ചിക്കു നേരിടുന്ന കടുത്ത ക്ഷാമമാണ് കാരണം. പ്രതിസന്ധിയെ തുടർന്നു കെഎഫ്സിയുടെ വിതരണ സംവിധാനവും താറുമാറായി.

കെഎഫ്സിയുടെ അറുന്നൂറോളം റെസ്റ്റോറന്റുകളാണ് പൂട്ടിയത്. ബ്രിട്ടനിലുള്ള 900 ഫ്രാഞ്ചൈസികളിൽ ഭൂരിഭാഗവും പൂട്ടിയതോടെ അടുത്തയാഴ്ചയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഒൗട്ട്ലെറ്റുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി. തുറന്നു പ്രവർത്തിച്ച മുന്നൂറോളം ഫ്രാഞ്ചൈസികള്‍ കോഴി ക്ഷാമം മൂലം മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ചിക്കൻ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെഎഫ്സി വ്യക്തമാക്കി.  ഒൗട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ കെഎഫ്സി  ആവശ്യപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ല. ശമ്പളകാര്യത്തില്‍ മുടക്കം വരുത്തില്ലെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎഫ്സി പ്രവർത്തനം താളംതെറ്റിയത്. ദക്ഷിണാഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഇതുവരെ ഔട്ട്ലറ്റുകളിൽ ചിക്കൻ എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ചാണ് ചിക്കന്‍ എത്തിക്കുന്നതിന്റെ ചുമതല ഡിഎച്ച്എല്ലിനെ ഏല്‍പ്പിച്ചത്.

ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതിൽ കെഎഫ്സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പു പറഞ്ഞു. കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഒൗട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. അടുത്ത അടുത്ത ആഴ്ച അവസാനത്തോടെപ്രതിസന്ധി പരിഹരിച്ച് ഒൗട്ട്ലറ്റുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധികൃതർ.

DONT MISS
Top