അഡാര്‍ ലൗവിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി

ഒമര്‍ ലുലു, പ്രിയ വാര്യര്‍

ദില്ലി: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ വിവാദമായ ഗാനത്തിന്റെ പേരില്‍ രാജ്യത്ത് ഒരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രിംകോടതി. ചിത്രത്തിലെ ‘മാണിക്യമലരയാ പൂവി’ എന്ന ഗാനത്തിനെതിരേ തെലുങ്കാന പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നടിയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മൂലം ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങുന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരേയാണ് ഹര്‍ജിക്കാരായ നടി പ്രിയ പ്രകാശ് വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ്  ഔസേപ്പച്ചന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസിലെ എതിര്‍കക്ഷികളായ തെലങ്കാന പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു.

നടി പ്രിയ വാര്യര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. നിയമസവ്യവസ്ഥയുടെ ലംഘനമാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമിയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദ് ചെയ്യുകയും രാജ്യത്ത് മറ്റൊരിടത്തും കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉത്തരവ് കോടതി പുറപ്പെടുവിക്കുകയും ചെയ്തത്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്‌നുമ്മ പൊലീസ് സ്‌റ്റേഷനില്‍ ആണ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.
ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി പ്രിയ വാരിയറും, സംവിധായകന്‍ ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നത് ആണ്. ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നത് ആണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന പാട്ടിന് എതിരെ പൊലീ സിന് പരാതി ലഭിച്ചിട്ടുണ്ട്. റാസ അക്കാദമിയുടെ സെക്രട്ടറി ആണ് മുംബൈ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ട് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്യരുത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു.

DONT MISS
Top