‘തടിയിലല്ല, ലാലിലാണ് കാര്യം’; നീരാളി സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ അജോയ് വര്‍മ റിപ്പോര്‍ട്ടറിനോട്

ഒടിയന്‍ എന്ന ചിത്രത്തിലെ മാണിക്യനാകാന്‍ മോഹന്‍ലാല്‍ ചെറുപ്പം ആയപ്പോള്‍   മാണിക്യന്‍ ആയി അഭിനയിച്ച ശേഷമായിരിക്കും ലാല്‍ മറ്റു കഥാപാത്രങ്ങളിലേക്ക് എത്തുക എന്നാണ് പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ ഒടിയന്‍ സിനിമയുടെ അവസാനഘട്ട ചിത്രീകരണം പ്രകാശ്‌ രാജ് അടക്കമുള്ള താരങ്ങളുടെ തിരക്കുകള്‍ മൂലം മാര്‍ച്ച്‌  ആദ്യ വാരത്തിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ലാല്‍, അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ ജോയിന്‍ ചെയ്തു. തടി കുറഞ്ഞ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചു പൂര്‍ത്തിയാക്കുന്ന സിനിമയും നീരാളി ആവാം. ഹിന്ദി സിനിമ-പരസ്യ  മേഖലയില്‍ എഡിറ്റര്‍, തുടര്‍ന്ന് സംവിധായകനുമായി പ്രവര്‍ത്തിച്ച അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ്‌ നീരാളി. നീരാളിയെ കുറിച്ച് സംവിധായകന്‍ അജോയ് വര്‍മ റിപ്പോര്‍ട്ടറിനോട്.

18 കിലോ ഭാരം കുറച്ച മോഹന്‍ലാല്‍ അജോയ് വര്‍മ സംവിധാനംചെയ്യുന്ന നീരാളി എന്ന ചിത്രത്തില്‍  അഭിനയിക്കുന്നു എന്നറിഞ്ഞപ്പോഴാണ് സാധാരണ മലയാള സിനിമ പ്രേക്ഷകര്‍ താങ്കളുടെ പേര് ആദ്യമായി കേള്‍ക്കുനത്. എങ്ങനെ എത്തി നീരാളിയുമായി മോഹന്‍ലാലിലേക്ക് ?

ഏതൊരു ഫിലിം മേക്കറും ആഗ്രഹിക്കുന്ന പോലെ എന്‍റെയും ഒരു സ്വപ്നമായിരുന്നു മോഹന്‍ലാല്‍ എന്ന  നടനെ വെച്ച് ഒരു സിനിമ . നീരാളി എന്റെ ആദ്യ മലയാള സിനിമയാണ്. രാം ഗോപാല്‍ വര്‍മ, ജോണ്‍ മാത്യു, മാത്തന്‍ തുടങ്ങിയ   നിരവധി സംവിധായകരുടേയും അതോടൊപ്പം  പരസ്യ ചിത്രങ്ങളുടെയും എഡിറ്ററായിട്ടായിരുന്നു തുടക്കം.  ശേഷം പരസ്യ ചിത്രങ്ങള്‍ ഒപ്പം വിനയ് പതകിനെ വച്ച് എസ്ആര്‍ കെ പിന്നീട് നടന്‍  എന്നീ സിനിമകളും ചെയ്തു.

മനോജ്‌ വാജ്പേയിയെ വച്ച് ഡിസ്, ടോള എന്നീ രണ്ടു  ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷമാണ്  നീരാളി എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു  സുഹൃത്ത് വഴിയാണ് ലാല്‍ സാറിനെ ഈ പ്രൊജക്റ്റിനു വേണ്ടി സമീപിച്ചത്.  കഥ കേട്ട് അദ്ദേഹം ചിത്രം ചെയ്യാമെന്ന്  സമ്മതിച്ചു. പെട്ടെന് കിട്ടിയ  ഈ   അവസരത്തില്‍   അങ്ങനെ നീരാളി ആരംഭിച്ചു.  മോഹന്‍ലാല്‍  എന്ന നടനെ വച്ച്  ഒരു സിനിമ  എന്നത് നല്ല  ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. എന്നാല്‍ ലാല്‍ സാറിന്‍റെ ഒരു പ്രസന്‍റ്   എന്നെയും  കംഫര്‍ട്ടബിളാക്കി.

തടി കുറഞ്ഞ ലാലിനെ ഒരു സിനിമക്ക് ആദ്യം പൂര്‍ണമായി ഉപയോഗിച്ചത് താങ്കളാണ്. നീരാളി യിലെ  മോഹന്‍ലാല്‍ കഥാപാത്രം അത്തരം മാനറിസങ്ങള്‍ അവിശ്യപ്പെടുന്നുണ്ടോ?

ആദ്യം സിനിമയുടെ ചര്‍ച്ചകള്‍ വന്നപ്പോള്‍ ലാല്‍ സാറിന് ഇതിലും തടി ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ തടിയുള്ള പഴയ ലാല്‍ സാര്‍ എനിക്ക് ഓക്കെയായിരുന്നു. സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ കാണുന്ന ലാല്‍ സാര്‍ അങ്ങനെ ആയിരുന്നു.  18 കിലോ കുറച്ച മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ എന്ന നടനെയാണ്  എന്‍റെ സിനിമയില്‍ എനിക്ക്  വേണ്ടത്. അദ്ദേഹത്തിന്‍റെ തടി കുറയുക അത് സംഭവിച്ചതാണ്. പഴയ മോഹന്‍ലാല്‍ ആണെങ്കിലും ഇപ്പോഴത്തെ ലാല്‍ ആയാലും എല്ലാം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് അപ്പുറം മറ്റൊരു നടന്‍  ഈ കഥാപാത്രത്തിനു വേണ്ടി വേറെ  ഉണ്ടാവില്ല.  അതിനാല്‍ തന്നെ  ആ വലിയ നടനെ ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.

തന്‍റെ അടുത്തെത്തുന്ന എല്ലാം തന്‍റെ കൈകള്‍ കൊണ്ട് പിടിച്ചടക്കുന്ന ജീവിയാണ് നീരാളി. നീരാളിയെന്ന സിനിമയെ കുറിച്ച് എന്താണ് പറയാനുള്ളത്?

നീരാളിയെന്ന  പേര് സിനിമയ്ക്ക് എങ്ങനെ ഉണ്ടായി എന്നത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ മനസിലാക്കട്ടെ. ഒരു ത്രില്ലര്‍ സിനിമ ആയിരിക്കും. ത്രില്ലര്‍  ആണെകിലും  ഒരു കുടുംബ പശ്ചാത്തലവും സിനിമയ്ക്കുണ്ട്.  സണ്ണി എന്ന ജെമോളജിസ്റ്റായാണ് ലാല്‍ സാര്‍ ഈ സിനിമയില്‍ എത്തുന്നത്. ഒരു വ്യത്യസ്ത കഥാപാത്രമാണ് ലാല്‍ സാര്‍ ചെയുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു വിസ്മയം തന്നെയാവും നീരാളി എന്നാണ് ഞങ്ങളുടെ വിശ്വാസം.

സംവിധായകന്‍ തന്നെ എഡിറ്റിംഗ് നിര്‍വഹിച്ച്  സന്തോഷ്‌ ടി കുരുവിള നിര്‍മിക്കുന്ന നീരാളിയുടെ തിരകഥ സാജു തോമസിന്‍റെതാണ്. സന്തോഷ്‌ തുണ്ടിയില്‍ ആണ് ക്യാമറ. സംഗീതം സ്റീഫന്‍ ദേവസ്യ. നദിയാ മൊയ്തു, പാര്‍വതി നായര്‍ എന്നി രണ്ടു നായികമാരാണ് സിനിമയിലുള്ളത്. ഇവര്‍ക്ക് പുറമേ  നാസര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നു. തായ്‌വാന്‍ , മംഗോളിയ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രത്തിന്‍റെ ചിത്രീകരണം നിലവില്‍ പൂര്‍ത്തിയായി. വയനാട്  ബംഗളുരു  ലൊക്കേഷനുകളില്‍ വെച്ച് ഒരാഴ്ച്ചയോളം ചിത്രികരണം പൂര്‍ത്തിയാവാനുണ്ടെന്നും അജോയ് വര്‍മ റിപ്പോര്‍ട്ടറോട് പറഞ്ഞു.

DONT MISS
Top