5 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പുറത്തിറക്കി ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പീഡന കേസിലെ പ്രതികളെ പിടികൂടാന്‍ അരുണാചലില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനം (ഫയല്‍ ചിത്രം).

അരുണാചലില്‍ 5 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ടെസു നഗരത്തിലാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചാണ് ജനക്കൂട്ടം പ്രതികളെ മോചിപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പിടിച്ചുകൊണ്ടുപോയ സഞ്ജയ്, ജഗദീഷ് എന്നീ രണ്ടുപ്രതികളേയും ഈ ജനക്കൂട്ടം പൊതുവഴിയില്‍ വച്ച് തല്ലിക്കൊല്ലുകയായിരുന്നു.

ഈമാസം 12നാണ് അഞ്ചുവയസുകാരിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. അഞ്ചുദിവസത്തിനുശേഷം പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടെത്തി. പൊലീസ് വൈകാതെ പ്രതികളെ പിടികൂടി കോടതിയിലെത്തിക്കുകയും കോടതി പ്രതികളെ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.

ജനക്കൂട്ടത്തിലെ കണ്ടാല്‍ തിരിച്ചറിയുന്ന ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ജനക്കൂട്ടത്തെ തടയുന്നതില്‍ പരാജയപ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

DONT MISS
Top