കൂട്ടക്കൊലക്കേസില്‍ ഫുജിമോറി വീണ്ടും വിചാരണ നേരിടണമെന്ന് പെറു കോടതി

ആല്‍ബെര്‍ട്ടോ ഫുജിമോറി

ലിമ: പെറു മുന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫുജിമോറി വീണ്ടും വിചാരണ നേരിടണമെന്ന് ലിമ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. 10 വര്‍ഷം പെറു ഭരാണാധികാരിയായിരുന്ന ഫുജിമോറിയെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അഴിമതിയുടെയും പേരില്‍ നേരത്തെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയില്‍ ഇളവ് നേടി ഫുജിമോറി കഴിഞ്ഞ ഡിസംബറിലാണ് ജയില്‍ മോചിതനായത്.

ഇതിന് പിന്നാലെയാണ്, പ്രസിഡന്റായിരിക്കെ 1992 -ല്‍ ആറ് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ഫുജിമോറി വീണ്ടും വിചാരണ നേരിടണമെന്ന് കോടതിയുടെ വിധി വന്നിരിക്കുന്നത്. ജയിലിലായിരുന്ന ഫുജിമോറിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ഡിസംബറില്‍ വിട്ടയച്ചത്. എന്നാല്‍ ഇത് കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാകുന്നതിന് കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലിമയിലെ കോടതി മുന്‍ പ്രസിഡന്റ് വീണ്ടും വിചാരണ നേരിടണമെന്ന് വിധിച്ചത്. ഫുജിമോറിയുടെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ കര്‍ഷകര്‍ മരിച്ച കേസില്‍ ഫുജുമോറിയെ കൂടാതെ മറ്റ് 22 പേര്‍ കൂടി വിചാരണനേരിടണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം താന്‍ നിരപരാധിയാണെന്നും വിചാരണക്കോടതിയുടെ വിധിക്കെതിരേ ഹര്‍ജി നല്‍കുമെന്നും ഫുജിമോറി പ്രതികരിച്ചു.

രാജ്യതലസ്ഥാനമായ ലിമയില്‍ ഫുജിമോറിയുടെ മോചനം ആവശ്യപ്പെട്ട് നടന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പെറുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പെട്രോ പാബ്‌ലോ കുസിംഗി മുന്‍ പ്രസിഡന്റ് ഫുജിമോറിക്ക് മാപ്പ് നല്‍കി ഡിസംബറില്‍ വിട്ടയച്ചത്.

2007 ലാണ് അഴിമതിക്കേസില്‍ ആറ് വര്‍ഷം ഫുജിമോറി ശിക്ഷിക്കപ്പെട്ടത്. 2009 ല്‍ മനുഷ്യാവകാശ ലംഘനക്കേസില്‍ അദ്ദേഹത്തെ 25 വര്‍ഷത്തെ തടവിനും വിധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് തീവ്ര ഇടതുപക്ഷ പോരാളികളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 69000 പേരാണ് കൊല്ലപ്പെട്ടത്. 1990 മുതല്‍ 2000 വരെയായിരുന്നു ആല്‍ബെര്‍ട്ടോ ഫുജിമോറി പെറുവിന്റെ പ്രസിഡന്റായിരുന്നത്.

DONT MISS
Top